28 Aug 2013

മകൻ

ബസിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്ന കാറ്റിനെക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സ് സഞ്ചരിക്കുകയായിരുന്നു.
അവന്‍ വരുന്നു . ഒരാഴ്ച മുന്‍പ് സുജാത വിളിച്ചിരുന്നു . അവള്‍ക്കെങ്ങനെ തന്‍റെ നമ്പര്‍ കിട്ടിയെന്ന്‌ അയാള്‍ക്കിനിയും അറിയില്ല. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതും അയാള്‍ക്ക്‌ കൃത്യമായി ഊഹിക്കാന്‍ കഴിഞ്ഞില്ല . അവളുടെ സ്വരം ഇപ്പോഴും മധുരമുള്ളതായി അയാള്‍ക്ക് തോന്നി.  

അവന് തന്നെക്കണ്ട് എന്തോ ആവശ്യമുണ്ടെന്നു അവള്‍ പറഞ്ഞിരുന്നു. എന്തായിരിക്കും... ?? ഒരാഴ്ചയായി അതാണയാളുടെ ഉറക്കം കെടുത്തുന്നതും. തന്നെക്കൊണ്ട് അവനെന്താവശ്യം ഉണ്ടാവാനാണ് ??.  ചിന്തകള്‍ പിന്നെയും കാട് കയറുന്നത് അയാള്‍ തിരിച്ചറിഞ്ഞു . കാറിനൊപ്പം ചാറ്റല്‍ മഴ കൂടി ബസിനകത്തേക്ക് പെയ്തിറങ്ങി . ഷര്‍ട്ടിന്‍റെ വലതു വശം നനയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു ഷട്ടര്‍ വലിച്ചിട്ടു . 

മുന്‍വശത്തെ സീറ്റില്‍ അമ്മയുടെ ഒക്കത്തിരുന്ന് ഒരു കൊച്ചു കുഞ്ഞ് കളിക്കുന്നത് അയാള്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. സുജാത ... അവള്‍; അവള്‍  തന്നെ എത്ര മാത്രം ശപിച്ചിരിക്കും? അവള്‍ അണിഞ്ഞിരുന്ന നഴ്സ് കുപ്പായത്തിനെക്കാളും വിശുദ്ധി അവളുടെ മനസ്സിനുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയതിന്‍റെ കുറ്റബോധം  അയാള്‍ക്കിന്നുമുണ്ട്.

അര മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ട്രാന്‍സ്പോര്‍ട്ട് ബസ്  ഡിപ്പോയിലെത്തി. ബസിറങ്ങി  അത്യാവശ്യം തിരക്കേറിയ നിരത്തിലൂടെ അയാള്‍  ധൃതിയില്‍ നടന്നു. അഞ്ചു മിനിട്ട് നടത്തം , അത് കഴിഞ്ഞ് വലത്തോട്ടുതിരിഞ്ഞു ഒരു രണ്ടു മിനിട്ട് കൂടി, അത്രയുമായാല്‍ ബിവറേജ് ഷോപ്പായി. ദിവസം മുഴുവന്‍ ഓടാനുള്ള എണ്ണയുടെ ആര്‍ത്തിയില്‍  കത്തിത്തീരാറായ കുടലുകള്‍ എരിയുന്നത് അയാളുടെ നടത്തത്തിന്‍റെ വേഗം പിന്നെയും വര്‍ദ്ധിപ്പിച്ചു.  ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ മുഴങ്ങിക്കൊണ്ടിരുന്നത് അയാള്‍ കേട്ടില്ലെന്നു നടിച്ചു .

കയ്യില്‍ ബസ് ടിക്കെട്ടിനു മിച്ചം വച്ച് ബാകിയുള്ളത് വച്ച്  ഒരു ക്വാട്ടര്‍ വാങ്ങി അത് മൊത്തം അയാളവിടെയിരുന്നു കുടിച്ചു തീര്‍ത്തു. പതിവിലുമധികം രാവിലെത്തന്നെ അകത്തു കയറ്റണമെന്ന് അയാള്‍ നേരത്തെ തീരുമാനിച്ചിരുന്നു . ഇന്നത്തെ ദിവസത്തേക്കുള്ള  ധൈര്യം അകത്തു കയറ്റുന്ന മദ്യം തരുമെന്ന് അയാള്‍ വെറുതെ ആശിച്ചു. ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ നിന്നുമെടുത്ത ബീഡി കത്തിച്ചു പുകയും വിട്ട് ബസ് ഡിപ്പോയിലേക്കയാള്‍ തിരികെ നടന്നു.

മാനം പിന്നെയും കാര്‍മേഘങ്ങള്‍ കൊണ്ട് നിറയുവാന്‍ തുടങ്ങി , അയാളുടെ മനസ്സിലും അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്യാന്‍ വിതുമ്പി നിന്നു.
സമയം പതിനോന്നു മണിയാവാറായി. പതിനൊന്നു മണിയോടെ അവന്‍ ബസ് ഡിപ്പോയിലെത്തുമെന്നാണ് സുജാത  പറഞ്ഞത് . മൊബൈല്‍ഫോണ്‍ പിന്നെയും മുഴങ്ങി. കോള്‍ ബട്ടണമര്‍ത്തി ചെവിയോടു ചേര്‍ത്തു പിടിച്ചപ്പോള്‍ വീണ്ടും ആ മധുര സ്വരം അയാളുടെ ചെവികളെ കുളിരണിയിച്ചു .
“നിങ്ങളെന്താ അവന്‍ വിളിച്ചിപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നെ ?“  
നേരത്തെ വിളിച്ചത് അവനായിരിക്കാമെന്നയാള്‍ ഊഹിച്ചു.
“ ഞാനിപ്പോ എത്തിയതെ ഉള്ളൂ... അവനാണെന്ന് അറിയില്ലായിരുന്നു”
“ ശരി ... അവന്‍ ഡിപ്പോയിലെ കണ്ടക്ടര്‍ റൂമിനടുത്തുണ്ട് , ഞാന്‍ പറയാം നിങ്ങളെത്തിയെന്ന് .. ശെരി എന്നാല്‍ ... !!!“
അയാളെന്തോ ചോദിക്കാന്‍ തുടങ്ങിയതാണ്‌ ... വാക്കുകള്‍ പുറത്തേയ്ക്കു വന്നില്ല. സുജാതയുടെ മധുര സ്വരമപ്പോഴേക്കും ഡിസ്‌കണക്ട് ചെയ്യപ്പെട്ടിരുന്നു.

കണ്ടക്ടര്‍ റൂമിനോട് ചേര്‍ന്ന ബെഞ്ചിലിരിക്കുന്ന ചെറുപ്പക്കാരന്‍റെ മുഖത്തിന്‌ അയാള്‍ക്ക്‌ പരിചയമുള്ള രണ്ടു വയസ്സുകാരന്‍റെ  മുഖവുമായി ഒരു സാമ്യവുമില്ലായിരുന്നു. അയാളെ കണ്ട മാത്രയില്‍ ചെറുപ്പക്കാരന്‍റെ മുഖം തുടുത്തു. വേച്ച ചുവടുകളുമായി അയാള്‍ ചെറുപ്പക്കാരന്‍റെ അരികിലേക്ക് നടന്നു .തന്‍റെ നടത്തം ഉലയുന്നത് അയാളറിഞ്ഞു . കുടിച്ച മദ്യത്തിന്‍റെ വീര്യം തലയ്ക്കു കയറിത്തുടങ്ങിയെന്നു അയാള്‍ക്ക്‌ മനസ്സിലായി.

 പകുതി നരച്ചു എല്ലുന്തിയ ആ മനുഷ്യക്കോലത്തെ ആ ചെറുപ്പക്കാരന്‍  കണ്ടു മറന്ന ആരെയോ ഓര്‍ക്കാന്‍ ശ്രമിക്കുന്നതു പോലെ നോക്കി നിന്നു  .
“അനില്‍ .... ??” ചെറുപ്പക്കാരന് നേരെ കൈ ചൂണ്ടി അയാള്‍ ചോദിച്ചു .
അതെയെന്ന അര്‍ത്ഥത്തില്‍ ചെറുപ്പക്കാരന്‍ തല കുലുക്കി. മുഖത്ത് വരുത്താന്‍ ശ്രമിച്ച പുഞ്ചിരി വേറെന്തെല്ലാമായോ പരിണമിച്ചു. എന്ത് വിശേഷം ചോദിക്കണമെന്ന ചോദ്യം മാത്രം രണ്ടു പേരുടെയും മുഖത്ത് അവശേഷിച്ചു.
“ കുറെ നേരമായോ വന്നിട്ട് ? “ അയാളുടെ വിറച്ച സ്വരങ്ങളും മദ്യത്തിന്‍റെ മണവും ഒരുമിച്ചു പ്രവഹിച്ചു.
“ കുടിച്ചിട്ടുണ്ടല്ലേ ..?? “ ചെറുപ്പക്കാരന്‍റെ സ്വരം കടുത്തു .
ഒരുത്തരം പ്രതീക്ഷിച്ചു നിന്ന അയാളുടെ കാതുകളില്‍ ഇടിമിന്നല്‍ പോലെയാണ് ആ ചോദ്യം ചെന്നു പതിച്ചത്. ഒരു തല കുനിക്കല്‍ അയാള്‍ പ്രതീക്ഷിച്ചതാണ്. പക്ഷെ അതിത്ര വേഗം ഉണ്ടാവുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല . 

അയാളുടെ കുറ്റസമ്മതം മനസ്സിലാക്കിയെന്നോണം അനില്‍  ഫോണെടുത്ത് എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരുന്നു  . കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല . ബസ് സ്റ്റാന്‍ഡില്‍ വന്നും പോയുമിരുന്ന ബസ്സുകളുടെയും ആള്‍ക്കാരുടെയും  ശബ്ദ കോലാഹലങ്ങള്‍  അവരുടെ ഇടയിലെ നിശബ്ദതയെ നോക്കി കൊഞ്ഞനം കുത്തി.

“വരൂ വീട്ടില്‍ പോകാം “ എന്തോ ആലോചിച്ചുറച്ചെന്ന  വണ്ണം അയാള്‍ പറഞ്ഞു .
“ ഞാന്‍ വരുന്നില്ല ... !! “ അനില്‍ പിന്നെയും മുഖം തിരിച്ചു .
“ എനിക്കറിയാം നീ അങ്ങനെയേ പറയുള്ളൂന്ന് ... “ അതും പറഞ്ഞു അയാള്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് ധൃതിയില്‍ നമ്പര്‍ ഡയല്‍ ചെയ്തു . ഒരിരുപത് സെക്കന്റ്‌ സംസാരിച്ചു കാണും , അയാളത് കഴിഞ്ഞ് ഫോണ്‍ അനിലിനു കൈമാറി .
“ മോന്‍ ബരണം .. മോന്‍റെ  അമ്മയാണ് പറയുന്നേന്നു കൂട്ടിക്കോ “ ഫോണില്‍ ഒരു സ്ത്രീ ശബ്ദം പതുക്കെ പറഞ്ഞു .
അനില്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല . അവന്‍ സംസാരം കഴിഞ്ഞ്  ഫോണ്‍  അയാള്‍ക്ക് തിരിച്ചു നല്‍കി .

അവര്‍ രണ്ടു പേരും ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടന്നു.
“കഷ്ടിച്ച് ഒരു പതിനഞ്ചു മിനിട്ട് അത്രയേ ഉള്ളു ... “ അയാള്‍ പിന്നെയും പുഞ്ചിരിക്കാനൊരു വിഫല ശ്രമം നടത്തി . അനില്‍ മിണ്ടിയില്ല.
ഓട്ടോ സ്റ്റാന്‍ഡിന്‍റെ  മുന്നില്‍ കണ്ട ഓട്ടോയില്‍ അയാള്‍ ധൃതിയില്‍ പാഞ്ഞു കയറി. അനുസരണയുള്ള കുട്ടിയെപ്പോലെ അനില്‍ അയാളുടെ പാത  പിന്തുടര്‍ന്നു. അവരെയും വഹിച്ചു  മുച്ചക്ര വണ്ടി മുക്രയിട്ടു കുതിച്ചു .

പച്ചപ്പു നിറഞ്ഞ പാടങ്ങളും കുന്നിന്‍ പുറങ്ങളും അനില്‍ കൌതുകത്തോടെ നോക്കി നിന്നു . മാനത്തെ മേഘങ്ങള്‍ ആപ്പോഴും പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന പോലെ അയാള്‍ക്ക് തോന്നി .
“ കാസര്‍ഗോഡ്‌ മഴയുണ്ടോ ... ?? “ മദ്യത്തിന്‍റെ മണം പിന്നെയും അനിലിന്‍റെ മുഖത്തു പതിച്ചു.
“ ഇപ്പൊ കേരളത്തില്‍ എല്ലായിടത്തും മഴക്കാലമാണ് “
അവനൊരു തമാശ പറഞ്ഞത് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു അയാള്‍ ചിരിക്കാന്‍ നോക്കി. അവനു തന്നോടുള്ള വെറുപ്പ്‌ ആ വാക്കുകള്‍ പറഞ്ഞെന്നയള്‍ക്ക് തോന്നി.
അവനെ തന്‍റെ കൊച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതെന്തിനാണെന്നു അയാള്‍ക്കിനിയും അറിഞ്ഞുകൂടാ.

ഓട്ടോ പാടത്തിനടുത്തെ വഴിവക്കില്‍ എത്തിയപ്പോള്‍ അയാള്‍ ഡ്രൈവറോട് വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടു. അനിലപ്പോഴും സംശയ ഭാവത്തില്‍ അയാളെ തറപ്പിച്ചു നോക്കുകയായിരുന്നു .
“ഒരഞ്ചു മിനിറ്റ് , ഈ വഴിയെ നടന്നാല്‍ വീടെത്തി “ അനിലിനോടു ഇറങ്ങാന്‍ ആംഗ്യം കാണിച്ച് അയാള്‍ പറഞ്ഞു .
മതിലുകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ അയാള്‍ മുന്നിലും അവന്‍ പിന്നിലുമായി നടന്നു. മുന്നോട്ടുള്ള നടത്തത്തിനോപ്പം അയാളുടെ മനസ്സ് വീണ്ടും പിറകോട്ടു  സഞ്ചരിച്ചു .

പത്തിരുപത്തെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് കാണും ; തന്‍റെ അനാഥത്വം അവസാനിപ്പിച്ച ആരെല്ലാമോ ആയി ജീവിതത്തിലേക്ക് ഒരു പെണ്ണ്  കടന്നു വന്നത്. ഒരു സൈറ്റ്  ആക്സിഡന്റ് അയാളുടെ ജീവിതത്തില്‍ വഴിത്തിരിവായി. സുഹൃത്തിനെ ശുശ്രൂഷിച്ച നാഴ്സിനോടുള്ള പരിചയം . അയല്‍ക്കാരാണെന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം . വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുണ്ടായിരുന്ന ചായക്കട ... ഒരുമിച്ചു കഴിച്ച പഴം പൊരികള്‍ ... അയാളുടെ  കൊണ്ട്രാക്റ്റ് പണി . എതിര്‍പ്പവഗണിച്ചു നടന്ന കല്യാണം . അയാളുടെ മുഖത്തു ഭാവഭേദങ്ങള്‍ മാറിത്തെളിഞ്ഞു. അവസാനം മനസ്സിന്‍റെ  അടിത്തട്ടിലെവിടെയോ പൊടിപിടിച്ചു കിടന്ന ഓര്‍മ്മപ്പുസ്തകം തുറന്ന സന്തോഷം മാത്രം മുഖത്തു ബാക്കിയായി. ഓര്‍മ്മകള്‍ക്കൊപ്പം തികട്ടിവന്ന മദ്യവും അയാള്‍ കയ്പ്പോടെ  വീണ്ടുമിറക്കി.

കുടുംബമോ 'കുടി'യോ ഏതെങ്കിലും ഒന്നുപേക്ഷിക്കണമെന്നവള്‍ പറഞ്ഞപ്പോള്‍ അധികം ചിന്തിക്കാതെ ഇറങ്ങിപ്പോരുകയായിരുന്നു . അതിനു മുന്‍പേ അവളെയും രണ്ടു വയസ്സുകാരന്‍ മകനെയും എങ്ങനെയൊക്കെ ഉപദ്രവിച്ചെന്ന്‍ അയാള്‍ക്കിപ്പോഴും ഓര്‍മയില്ല. അവന്‍ വലുതായിരിക്കുന്നു, ഒരിരുപത്തന്‍ഞ്ചു വയസ്സ് കാണും , അയാളൂഹിക്കാന്‍ ശ്രമിച്ചു  . പൊടി മീശയും ഉറച്ച ശരീരവുമുള്ള ഒരാണായി തന്‍റെ പിന്നിലൂടെ നടക്കുന്നു. പക്ഷെ വന്നെതെന്തിനെന്നു അയാളിനിയും ചോദിച്ചിട്ടില്ല . അതിനുള്ള ധൈര്യം അയാള് കുടിച്ച മദ്യത്തിനും നല്കാനായില്ലെന്നതാണ് വാസ്തവം.

വീടിന്‍റെ കോലായില്‍ അയാളെയും കാത്തു നില്‍ക്കുകയായിരുന്നു സൈനബയും രണ്ടു പെണ്‍മക്കളും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിനു സമാനമായി മൂന്നു മനുഷ്യക്കോലങ്ങളും അകത്തുള്ള പോള്ളകള്‍ പുറത്തു കാട്ടാതെ ചിരിച്ചു നിന്നു . അനിനിലിനെ  കണ്ട മാത്രയില്‍ കോലായിലുണ്ടായിരുന്ന ദ്രവിച്ച പ്ലാസ്റ്റിക്ക് കസേര   അവര്‍ തുടച്ചു നീക്കിയിട്ടു.
“ ബാ കേറിയിരിക്ക് “ ഊര്‍ന്നു വീണ തട്ടം നേരെയാക്കി സൈനബ പറഞ്ഞു .
അനില്‍ ഷൂസഴിച്ചു നേരെ ചെന്നു കോലായിലെ  കസേരയില്‍ കയറിയിരുന്നു . അവനെത്തന്നെ അടിമുടി നോക്കി അവനഭിമുഖമായി കരിപിടിച്ച ചുമരുകള്‍ ചാരി മൂന്ന് പേര്‍ . ധരിച്ചിരുന്ന ഷര്‍ട്ടും ഊരിയെടുത്ത് അയാളകത്തേക്ക് പോയി.
“ കുടിക്കാന്‍ ബെള്ളം... ??”
“ വേണ്ട “
“ ഓര് പറഞ്ഞീര്‍ന്നു .... മ്മളെ ക്കാണാന്‍ ബന്നല്ലോ... സന്തോഷം “
അനില്‍ തട്ടമിട്ട ‘അമ്മ’യെ നോക്കി പുഞ്ചിരിച്ചു .
പരിചയപ്പെടലും വിശേഷം ചോദിക്കലും കുറച്ചു നേരം നീണ്ടു നിന്നു . കൂടപ്പിറപ്പുകളില്ലാതെ വിഷമിച്ച ഒരു കുട്ടികാലത്തിനിപ്പുറം രണ്ടു കുഞ്ഞ് മുഖങ്ങള്‍ തന്നെ നോക്കി നില്‍ക്കുന്നത് അനിലിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല .  
അവര്‍ക്ക് രണ്ടു പേര്‍ക്കും കൊടുക്കാന്‍ ഒന്നും കൊണ്ടു വരാത്തതിലുള്ള കുറ്റബോധം  മാത്രം അവനില്‍ ബാക്കിയായി .  തനിക്കൊന്നും അറിയാന്‍ പാടില്ലായിരുന്നല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനവന്‍ ശ്രമിച്ചു.
തട്ടമിട്ട തലകള്‍ പതിയെ ഉള്‍വലിഞ്ഞു . കാജ ബീഡിയും ചാരായവും ഇടകലര്‍ന്ന മണം കോലായില്‍ തിരിച്ചെത്തി.
“ ഇവിടെ താമസമാക്കിയിട്ട് കുറെ കാലമായോ ?? “
“ ഉം ... കാസര്‍ഗോട് നിന്ന് നേരെ ഇങ്ങോട്ട് വന്നു “ അയാള്‍ ചുമച്ചു തുപ്പി .
“ മതം മാറിയോ ?? “ അനിലിന്‍റെ ചോദ്യങ്ങള്‍ പിന്നെയും വന്നു.
“ ഉം ..” ഒരു നെടുവീര്‍പ്പിട്ടയാള്‍ തുടര്‍ന്നു. “ സൈനബയെ കെട്ടാന്‍ പറഞ്ഞു അവളുടെ ബാപ്പ എന്‍റെടുത്തു വന്നപ്പോ എന്‍റെ കുടി നിര്‍ത്താന്‍ കണ്ടു പിടിച്ച വഴിയാരുന്നു മതം മാറ്റം . കുഞ്ഞിക്കണ്ണനെ അഹമ്മദ്കുഞ്ഞിയാക്കി”

അത് ശരിയാണെന്ന് അനിലിനും  തോന്നി . പേരിലെ മാറ്റം മാത്രം .  ആര് നശിച്ചു കാണാന്‍ പ്രാര്‍ത്ഥിച്ചോ ആ  മനുഷ്യന്‍ ഇനിയെത്ര നാള്‍ കൂടിയെന്ന ചോദ്യം മാത്രം ബാക്കിയാക്കി തന്‍റെ മുന്നില്‍ നില്‍ക്കുന്നതായി അവനു തോന്നി . ഈ നശിപ്പു കാണാനാണ് അമ്മ നിര്‍ബന്ധം പിടിച്ചപ്പോള്‍ മറുത്തൊന്നും പറയാതെ ബംഗ്ലൂരില്‍ നിന്നും വണ്ടി കയറിയത് . യാത്രയിലുടനീളം കൈത്തണ്ടയിലെ ഉണങ്ങിയ ചട്ടുകത്തിന്‍റെ പാടിനോപ്പം മനസ്സും നീറിക്കൊണ്ടിരുന്നപ്പോഴേ തീരുമാനിച്ചതാണ് ‘അയാളെ ‘ വാക്കുകള്‍ കൊണ്ടെങ്കിലും നോവിക്കാന്‍ .

“മോന്‍ അച്ഛനോട് ക്ഷമിക്കണം “
അനിലിരുന്നിരുന്ന കസേരയ്ക്കരികിലായി  അയാള്‍ വീണു. ഒരു നിമിഷം അവന്‍ തരിച്ചിരുന്നു , പിന്നെ മെല്ലെ വിറയ്ക്കുന്ന അയാളെ പിടിച്ചുയര്‍ത്തി കോലായിലെ തൂണില്‍ ചാരിയിരുത്തി. സൈനബ അകത്തു നിന്ന് ഒരു പാത്രം വെള്ളവുമായി വന്ന് അയാളുടെ മുഖം കഴുകി .

“ മോനോന്നു ഉപദേഷിക്കണം... മൂപ്പര് ബല്ലാത്ത കുടിയാ... ദിങ്ങനെ പോയാ ഞാനും ന്‍റെ മക്കളും..... “ മുഴുമിപ്പിക്കുന്നതിനു മുന്‍പേ കരച്ചില്‍ അണപോട്ടിയോഴുകി.
എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നവന് അറിയില്ലായിരുന്നു . ‘അയാളു’ടെ വര്‍ത്തമാനത്തേ ഭൂതവും ഭാവിയും കൊണ്ട് നിറയ്ക്കാനാഗ്രഹിച്ച പ്രതികാര മനസ്സില്‍ ഒരുമ്മയുടെ കണ്ണുനീര്‍ വീണു നനഞ്ഞു.
അകത്തു നിന്നു സൈനബ പായ കൊണ്ട് വന്നപ്പോള്‍ അയാളെ അതില്പ്പിടിച്ച് കിടത്താന്‍ അനിലും സഹായിച്ചു. അയാളുടെ ശരീരമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. 

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്ലുന്തിയ ശരീരത്തിന് വീണ്ടും ജീവന്‍ വച്ചു .
“ എനിക്കിറങ്ങണം ... ഇനിയും വൈകിയാല്‍  ബസ് മിസ്സാവും “
“ മ്മളെ ബഷണം ഒന്നും മോന് പിടിക്കൂല .. അതാ ഞാന്‍ ... “
“ ഏയ്‌ ... അത് സാരമില്ല. ഞാന്‍ കഴിച്ചിട്ടാ വന്നേ “
കള്ളങ്ങള്‍ പറയുന്നത് സംസാരിക്കുന്നവര്‍ തമ്മില്‍ അറിയുന്നുണ്ടായിരുന്നു.
“ ഞാന്‍ ഇനിയും വരാം... നന്നായി പഠിക്കണം ട്ടോ ..“
ഉമ്മയോടും പെങ്ങമ്മാരോടും യാത്ര പറഞ്ഞു അനിലിറങ്ങി പിറകിലായി ഒരു ഷര്‍ട്ടും വലിച്ചു കേറ്റിക്കൊണ്ട് അയാളും .
“ ഞാന്‍ ഇവനെ ബസ് സ്റ്റോപ്പില്‍ വിട്ടിട്ട് വരാം “
നടക്കുന്നതിനിടയില്‍ അനില്‍  തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു. അവന്‍ കണ്മറയത്തു നിന്നു മായുന്നതുവരെ സൈനബയും  രണ്ടു പെണ്‍മക്കളും കൈവീശി.

“ മോന്‍ ബംഗ്ലൂരില്‍ ജോലിയാണോ ?? “
“ ഉം ... ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ “ സോഫ്റ്റ്‌വെയര്‍ എന്നാ വാക്ക് അയാള്‍ക്ക്‌ പരിചയമുണ്ടാവാന്‍ വഴിയില്ലെന്ന് അവനൂഹിച്ചു. ഉത്തരം കേട്ടപ്പോള്‍  അയാളുടെ മുഖം തെളിഞ്ഞു .
“ നീ കാര്യമായിട്ട് പറഞ്ഞതാണോ ഇനിയും വരുംന്ന് “
അവനൊന്നും മിണ്ടിയില്ല .
“ ഞാനിനിയും എത്ര കാലം ഉണ്ടാവും ന്ന് അറിയില്ല .. മോന്‍ ഉണ്ടാവണം. അവര്‍ക്ക് മൂന്നു പേര്‍ക്കും അന്വേഷിക്കാന്‍ ഒരാളായിട്ടെങ്കിലും”
അതിനും അനിലോന്നും മറുപടി പറഞ്ഞില്ല . നടത്തം അവരെ ബസ് സ്റ്റോപ്പ് വരെയെത്തിച്ചു.

ഒന്നെകാലിനാണ് അടുത്ത ടൌണ്‍ ബസ്. ഇനിയും പതിനഞ്ച് മിനിട്ട് കൂടി . അതുവരെ അവനോട് പറയാന്‍ ഒരായുസ്സിന്‍റെ കടങ്ങളും കടപ്പാടുകളും കുറ്റബോധങ്ങളും . പറയണോ.. അതും  അയാള്‍ക്ക്‌ തീര്‍ച്ചയില്ല .
“ മോന്‍റെ അമ്മ നല്ലവളായിരുന്നു ... അച്ഛനത് മനസ്സിലാക്കാന്‍ പറ്റിയില്ല “
അയാളെ അവന്‍ പുച്ഛ ഭാവത്തില്‍ ഒരു നോട്ടം നോക്കി . ‘നല്ലവള്‍’ എന്ന് പറഞ്ഞതിനാണോ അതോ സ്വയം ‘അച്ഛനെ’ന്നു സംബോധന ചെയ്തതിനാണോ അവനിലെ പുച്ഛമെന്നയാള്‍ക്ക് മനസ്സിലായില്ല.
“ മോന്‍ എന്നെ കൈ വിടരുത് “
“ അപ്പൊ എന്‍റെ അമ്മ മാത്രമല്ല .... നിങ്ങള്‍ കാരണം വഴിയാധാരമായത്” ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അനില്‍ തുടര്‍ന്നു .
“ നിങ്ങളുടെ പാപത്തിന്‍റെ വിഴിപ്പു ചുമക്കാന്‍ എനിക്കു മനസ്സില്ലെങ്കിലോ . ഇത്രയും കാലം എന്നെക്കുറിച്ചോ എന്‍റെയമ്മയെക്കുറിച്ചോ ചിന്തിക്കാത്തയളാണ്‌ നിങ്ങള്‍.... എന്നിട്ടിപ്പോ ....!! “ അനിലിന്‍റെ സ്വരമിടറി.
അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല .
“ ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു .... അടുത്ത മാസം .... അത് പറയാനാണ് വന്നത് . മരിച്ചെന്ന് ഞാന്‍ എല്ലാരുടെ അടുത്തും പറഞ്ഞ നിങ്ങളെ കല്യാണത്തിനു ക്ഷണിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധം. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞു . അതാ വന്നേ ... അല്ലാതെ നിങ്ങളെ കാണാനുള്ള പൂതി കൊണ്ടൊന്നുമല്ല ... “

വാക്കുകള്‍ അയാളെ പിന്നെയും നോവിച്ചു കൊണ്ടിരുന്നു. അയാളുടെ ആശങ്കകള്‍ക്കപ്പുറം  ദൂരെ റോട്ടില്‍ ഒന്നെകാലിന്‍റെ ബസ് പ്രത്യക്ഷപ്പെട്ടു .
ബസ് സ്റ്റോപ്പില്‍ ബസ് വന്നു  നിന്നപ്പോള്‍ അനില്‍ തിരിഞ്ഞു നോക്കാതെ അതിനകത്തേക്ക് കയറി. അവനെയും വഹിച്ചു ഒന്നേകാല്‍ വണ്ടി അയാളോട് യാത്ര പറഞ്ഞു .

അവന്‍ .... തന്‍റെ മകന്‍ ... തന്നെക്കാളും വളര്‍ന്നിരിക്കുന്നു . കല്യാണം കഴിക്കാന്‍ പ്രായമായോ അവന്. തന്നോടുള്ള വാശി അവനെ ജയിപ്പിച്ചിരിക്കാം. അല്ലെങ്കിലും തന്‍റെ പ്രാരാബ്ദങ്ങള്‍ അവന്‍ തീര്‍ക്കുമെന്ന് കരുതിയ താനാണ് വിഡ്ഢി. അതാഗ്രഹിക്കാന്‍ ഒരര്‍ഹതയുമില്ലാത്തവനാണ് താന്‍ . അയാളുടെ ചിന്തള്‍ക്ക് ഒരു ഫോണ്‍ ബെല്ലിന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ .
“ ഹലോ “ മധുര സ്വരം പിന്നെയും കാതില്‍ മുഴങ്ങി
“ ഉം “
“ എന്ത് പറഞ്ഞു നമ്മുടെ കുട്ടന്‍ ?”
“ നിനക്കെന്നോട് ഒട്ടും ദേഷ്യമില്ലേ ?? “ അയാള്‍ തിരിച്ചു ചോദിച്ചു .
ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ ഒരു നേര്‍ത്ത ചിരി രൂപപ്പെട്ടതയാള്‍ തിരിച്ചറിഞ്ഞു . ഒന്നും പറയാനാവാതെ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .

അയാളെത്തഴുകി ഒരു തണുത്ത കാറ്റ് കടന്നു പോയി . മാനത്തു ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ ഒരുമിച്ചു പെയ്തു. അയാള്‍ ആ പേമാരിയില്‍ നനഞ്ഞു വീട്ടിലേക്കു തിരിച്ചു നടന്നു .ആര്‍ത്തലച്ചു പെയ്ത മഴയ്ക്കും കാറ്റിനുമിടയില്‍ അയാളുടെ ചെവികള്‍ വ്യക്തമായി ഒന്ന് പിന്നെയും കേട്ടു

‘ ഞാന്‍ ഇനിയും വരാം ...

37 comments:

  1. ഇനിയും ചുരുക്കണം.
    ആശംസകൾ

    ReplyDelete
    Replies
    1. തീര്‍ച്ചയായും ശ്രമിക്കുന്നതാണ്....നന്ദി.....

      Delete
  2. നന്നായിരിക്കുന്നു. ഇനിയും എഴുതൂ.

    ReplyDelete
  3. മഴ ഇനിയും ശക്തമായി തന്നെ പെയ്യട്ടെ !

    എല്ലാവിധ ആശംസകളും !!

    ReplyDelete
  4. gud one.. keep it up..
    check spelling mistakes..

    ReplyDelete
    Replies
    1. നന്ദി ... തീര്‍ച്ചയായും മനോജേട്ടാ .... :)

      Delete
  5. കഥ കൊള്ളാം കേട്ടോ
    പുതിയ പുതിയ പ്രമേയങ്ങള്‍ കണ്ടെത്തൂ

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ... ഇനിയും ശ്രമിക്കാം ...

      Delete
  6. katha ishtaayi ketto...iniyum nannayi ezhuthu...palavattam arichu perukki vevichu pakamayi ennu thonnumpol mathram vilampuka. ella nanmakalum aasamsikkunnu.

    ReplyDelete
  7. fondinte valippavum krameekarikkanam vayikkan thonnippikkanam.All the best...!!

    ReplyDelete
    Replies
    1. തീര്‍ച്ചയായും ..... ശ്രമിക്കുന്നതാണ് ...

      Delete
  8. കഥയില്‍ എവിടെയൊക്കെയോ പണ്ട് വായിച്ചു മറന്ന MT കഥയും, N. mohanan കഥയും ഓര്‍മ്മ വന്നു .. :) നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍. അവസാനതിനെ കുറിച്ചു എനിക്ക് ചെറിയ ആശയക്കുഴപ്പം (വായനയുടെ പരിമിതി ആകാം) - ആ മകന്‍ ഇനിയും തിരികെ വരുമോ , അതോ വരില്ലേ? . ഇനിയും തുടരാന്‍ ആശംസകള്‍

    ReplyDelete
    Replies
    1. അയ്യോ .. കോപ്പി അടിച്ചതല്ലാ ... :)
      വായനക്കാര്‍ക്ക് എന്തെങ്കിലും ബാക്കി വയ്ക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത് ....( ആ മകന്‍ ഇനിയും തിരികെ വരുമോ , അതോ വരില്ലേ? )

      Delete
  9. Kadhayilottu thirinjo :)...Kollam ishtayi. Keep going!

    ReplyDelete
    Replies
    1. നന്ദി ... എഴുത്ത് പണ്ടേ ഉണ്ടല്ലോ .... :)

      Delete
  10. ഒന്നും കൂടി ഒതുക്കി പറഞ്ഞാല്‍ കൂടുതല്‍ മനോഹരമായിരിക്കും എന്ന് തോന്നി !! തുടര്‍ന്നും എഴുതുക എല്ലാ ആശംസകളും

    ReplyDelete
    Replies
    1. ഒതുക്കാനാണിയെന്റെ തീവ്ര ശ്രമം ..... നന്ദി

      Delete
  11. ശ്രമിച്ചാല്‍ ഇനിയുമൊത്തിരി നന്നായെഴുതാന്‍ കഴിയുമെന്ന് മനസ്സിലാക്കിതരുന്നുണ്ട് എഴുത്ത്. പ്രമേയങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തിളങ്ങാനാവുമെന്ന് ഒരു വായനക്കാരിയെന്ന നിലയില്‍ അഭിപ്രായപ്പെടുന്നു. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ. ‘ധൃതി’ ആവര്‍ത്തിച്ച് തെറ്റി കണ്ടു.

    ReplyDelete
    Replies
    1. ഈ പ്രചോദനത്തിനു നന്ദി... അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ... ഇനിയും നന്നായെഴുതാനും .... വീണ്ടും വരിക ... :)

      Delete
  12. കഥ നന്നായിരിക്കുന്നു ..


    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ..... വീണ്ടും വരിക

      Delete
  13. nannayittund. ella aasamsakaLum

    ReplyDelete
    Replies
    1. വളരെ നന്ദി .... വീണ്ടുമെത്തുമെന്നു പ്രതീക്ഷിക്കുന്നു ...

      Delete
  14. ഒരുപാട് വായിക്കുന്നുണ്ട് എന്ന് മനസ്സിലായി. പക്ഷേ വായിക്കുന്നത് എഴുത്തിനെ സ്വാധീനിക്കരുത്. അതിന്‍റെ ഫലമാണ് ആര്ഷയുടെ കമന്റ്‌. നല്ല എഴുത്ത്. ചെറുകഥ എഴുതുമ്പോള്‍ കഴിവതും പ്ലാറ്റ്ഫോം ചുരുക്കുക. എന്നാല്‍ കഥ ആവശ്യപ്പെടുന്നെങ്കില്‍ നീട്ടുന്നതിലും തെറ്റില്ല. ആശംസകള്‍ !

    ReplyDelete
  15. വരവിനും വായനയ്ക്കും പിന്നെ ആത്മാര്‍ഥമായ അഭിപ്രായത്തിനും നന്ദി അംജതിക്കാ . പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് . :) ഇനിയും വരുമെന്ന പ്രതീക്ഷകള്‍ . സ്നേഹം .

    ReplyDelete
  16. നന്നായിട്ടുണ്ട് രജീഷ്...എല്ലാ വിധ ആശംസകളും നേരുന്നു...
    -സസ്നേഹം സംഗീത്

    ReplyDelete
    Replies
    1. നന്ദി സംഗീത്(ചേട്ടനാണെങ്കില്‍ ചേട്ടാ ) ... സ്നേഹം

      Delete
  17. Replies
    1. നന്ദി ചേട്ടാ ... വരവിനും വായനക്കും .

      Delete
  18. enikkariyunna oru anubhavatthil ninnum udaleduttha kadha aano daa ithu?

    ReplyDelete
    Replies
    1. ചിലപ്പോ ആയിരിക്കാം .... ചിലപ്പോള്‍ ആ ആള്‍ നിന്‍റെ ഭര്‍ത്താവും ആയിരിക്കാം :)

      Delete
  19. നന്നായിട്ടുണ്ട്, നല്ല രസകരമായ വായന.
    ആശംസകള്‍

    ReplyDelete
  20. അനില്‍ എന്തിന് വേണ്ടിയാണ് അവിടെയെത്തിയതെന്ന് അവസാനം വരെ ഒരു ഉദ്വേഗം പിടിച്ചുനിര്‍ത്തി. ജീവിതത്തില്‍ ഒന്നും നല്‍കിയില്ലെങ്കിലും അച്ഛന്‍ എന്ന സ്ഥാനം എന്നും ഒരു മഹത്സ്ഥാനം ആയി തന്നെ അവശേഷിക്കുന്നു. കഥയില്‍ പുതുമ തേടുക.

    ReplyDelete
  21. നന്നായിട്ടുണ്ട്‌.

    ReplyDelete