28 Mar 2013

ഒരു ആത്മഹത്യക്കുറിപ്പ്

" യാത്രിയോം കൃപയാ ധ്യാൻ ദേ .... "
ഞാൻ നിന്നിരുന്ന പ്ലാറ്റ്ഫോറത്തിലെ പല ലൗഡ് സ്പീക്കറുകളും ഒരുമിച്ച് ശബ്ദിച്ചു. പതിവ് പോലെ ഞാൻ 'എന്‍റെ സ്വന്തം' മലബാർ എക്സ്പ്രെസ്സിനെയും പ്രതീക്ഷിച്ചും കൊണ്ട് സിമന്‍റു സീറ്റിൽ കുത്തിയിരിപ്പ് തുടർന്നു. എന്‍റെ സ്വന്തമെന്നു പറയാനുള്ള അധികാരമെനിക്കു തന്ന ടിക്കറ്റില്ലാ യാത്രകൾക്ക് നന്ദി . ഇന്നും വിത്തൗട്ട്  തന്നെ. തിരക്കല്പം കൂടുതലായി തോന്നി. ഇവിടെ അടുത്തേതോ ക്ഷേത്രത്തിൽ തെയ്യം കെട്ടിയത് കൊണ്ടായിരിക്കും , ഞാനൂഹിച്ചു. അനുഗ്രഹം വാങ്ങാൻ എത്ര ദൂരം വേണേലും സഞ്ചരിക്കുന്ന മണ്ടന്മാർ ... എന്‍റെ നിരീശ്വരവാദി  പുശ്ചം പലരിലേക്കും നീണ്ടു. 

 ബുധനാഴ്ച ആയതുകൊണ്ട് ദൂര യാത്രക്കാരെ പേടിക്കണ്ട. മാസാവസാനം അല്ലാത്തോണ്ട് ടി ടി യെയും പേടിക്കണ്ട. ഇന്നത്തെ യാത്രയ്ക്കിടയിൽ എന്തേലും നല്ല അനുഭവങ്ങൾ ഉണ്ടായാൽ മതിയാരുന്നു, പേടികൾ മാറി പ്രതീക്ഷകൾ മനസ്സിൽ നിറഞ്ഞു . സാധാരണ ഒരവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥി പ്രതീക്ഷിക്കുന്നതൊക്കെയും എന്‍റെ മനസ്സിലും നിറച്ചു. 

മലബാർ എക്സ്പ്രെസ്സ് അധികം വൈകിയില്ല . . കാഞ്ഞങ്ങാട് സ്റ്റേഷനും മലബാർ എക്സ്പ്രെസ്സിൽ തിരക്ക് കൂട്ടാൻ കഴിഞ്ഞില്ലെന്നു മുൻപിൽ നിന്നും രണ്ടാമത്തെ ജനറൽ കമ്പാർറ്റ്മെന്റിൽ കേറിയപ്പോളെനിക്ക് മനസ്സിലായി . പതിവിലും തിരക്ക് കുറവ്. ജനലിന്‍റെ സൈഡിലുള്ള ഒരു ഒറ്റ സീറ്റിൽത്തന്നെ  സീറ്റ് കിട്ടി. കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ്  സീറ്റിനടിയിലെക്കു തിരുകുന്നതിനിടയ്ക്ക്  എതിർ വശത്തിരിക്കുന്നയാളുടെ കാലിൽ തട്ടി. അയാൾ  മുഖമുയർത്തി നോക്കി,പുഞ്ചിരിച്ചെന്നു തോന്നുന്നു. 
"സോറി ... " എന്നിലെ  പ്രൊഫഷണൽ വിദ്യാർത്ഥി ക്ഷമാപണം നടത്തി.
 " ഏയ്‌ ... സാരമില്ല ... ബാഗ്‌ ശരിക്കും ശ്രദ്ദിച്ചോട്ടാ .. കള്ളന്മാർ കൂടുതലുള്ള സമയാ .. " അയാളുടെ പുഞ്ചിരി കൂടുതൽ തെളിഞ്ഞു വന്നു. കൂടിപ്പോയാലൊരു മുപ്പത്തഞ്ചു വയസ് തോന്നിക്കും. വെള്ളമുണ്ടും വെള്ള ഷർട്ടും, ഒരു രാഷ്ട്രീയക്കാരൻ ലുക്ക്.

സീറ്റിൽ ഇരിക്കുന്നതിന്‍റിടയ്ക്കു തന്നെ ഞാനെന്റെ പോക്കറ്റിൽ കയ്യിട്ട് ഫോണെടുത്തു. 4 എന്ന ബട്ടണിൽ അമർത്തി ഞെക്കിയപ്പോൾ  എന്‍റെ നോകിയ N72  അമ്മയുടെ നമ്പർ കണക്റ്റ്  ചെയ്തു തന്നു.
" അമ്മേ .. ഞാൻ ട്രെയിൻ കേറിട്ടോ ... സീറ്റ് കിട്ടി. ഞാൻ എത്തിയിട്ട് വിളിക്കാം... അച്ഛനോടും അമ്മുവിനോടും പറഞ്ഞേക്ക് . ഞാൻ രാവിലെ ഹോസ്റ്റലിൽ എത്തിയിട്ട് വിളിക്കാം" വേറെ ചോദ്യങ്ങളൊന്നും വരാതിരിക്കാൻ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി.
" നീ എന്തെങ്കിലും കഴിക്കണം ട്ടുവോ" അമ്മയുടെ സ്ഥിരം ഡയലോഗ്. എന്ത് പറഞ്ഞാലും ഈ അമ്മയ്ക്ക് മനസ്സിലാവില്ലെന്ന് വച്ചാ എന്താ ചെയ്യ. 
" ഞാൻ ചായ കുടിച്ചിരുന്നു .. പൊറോട്ടയും തിന്നു " കള്ളങ്ങൾ പറയുന്ന എന്‍റെ നാക്ക്‌ പിന്നെയും ചലിച്ചു. 
അവസാനം രണ്ടര മിനിറ്റിൽ ഫോണ്‍ കട്ട് ചെയ്യാൻ പറ്റി. ഹാവൂ സമാധാനമായി . ഇനി ചാറ്റിങ്ങു തുടങ്ങണം . ട്രെയിനിൽ യാത്ര ചെയ്യുന്ന സ്വന്തം കാമുകനോട് റേഞ്ച് കട്ടാവുന്നത്  കാരണം സംസാരിക്കാൻ മടിയുള്ള ഒരു പെണ്ണിനെ തന്നെ എനിക്ക് പ്രേമിക്കാൻ തോന്നിയല്ലോ . ഞാൻ  എന്നോടു  തന്നെ പരിഭവം പറഞ്ഞു , ഏതൊരു നിരീശ്വരവാദിയെയും പോലെ. 

'ഞാൻ ട്രെയിനിൽ കയറി .. നിന്‍റെ അപ്പനെക്കൂട്ട്  ഒരാൾ  എന്‍റെ എതിർ വശത്ത് ഇരിപ്പുണ്ട് ' ഒരു നീണ്ട ചാറ്റിങ്ങിന്‍റെ തുടക്കമെന്നോണം ആദ്യത്തെ മെസ്സേജ് ഞാൻ ദൃതിയിൽ ടൈപ്പ് ചെയ്തയച്ചു.  അവളുടെ അച്ഛന്‍റെ മുഖം പോലും ഓർമയില്ലെങ്കിലും സന്തോഷിപ്പിച്ചു തുടങ്ങിയാലേ പെണ്ണ് കുറെ നേരം ചാറ്റ് ചെയ്യുള്ളു എന്നെനിക്കറിയാം. 
'അതേയ് നീ എന്നെ എത്ര സുഖിപ്പിച്ചു തുടങ്ങ്യാലും ഞാൻ വിളിക്കൂല. എന്‍റെ മോൻ അത് പ്രതീക്ഷിക്കണ്ടാട്ടോ ;) :p ' അവളുടെ റിപ്ല്യ്‌ എന്റെ 72 യെ വിറപ്പിച്ചു. 

എന്‍റെ മുഖത്തെ പുഞ്ചിരി അല്പം കൂടിപ്പോയെന്നു തോന്നുന്നു. എതിർവശത്തിരുന്ന മനുഷ്യൻ എന്നെ നോക്കിയൊരു കള്ളച്ചിരി പായിച്ചു. ഞാൻ അയാളെ ശ്രദ്ദിക്കാൻ തുടങ്ങിയെന്നു മനസ്സിലാക്കിയപ്പോൾ പുറത്തേക്ക് നോക്കുകയും ചെയ്തു. 
'ഉം .. ഞാൻ മെസ്സേജ് അയപ്പും നിറുത്തി , നീ നിന്‍റെ പണി നോക്ക് ' അടുത്ത സന്ദേശവും അയച്ചു. ഇതൊരവസാന  അടവാണ് . അവൾ വിളിക്കാൻ സമ്മതിക്കാതിരിക്കില്ല . അല്ലെങ്കിലും ലൈൻ ആയിക്കഴിഞ്ഞതിനു ശേഷമുള്ള ഒരു മാസത്തിന്‍റെ ഇടയിൽ  ഇതെന്‍റെരണ്ടാമത്തെ ട്രെയിൻ യാത്രയാണ്. അതില്ലാതിരുന്ന ബാക്കി ഇരുപത്തെട്ടു ദിവസവും ഉമ്മകൾ കൈമാറാതെ ഉറങ്ങിയിട്ടില്ല ഞങ്ങൾ . 

" എവിട്തെക്കാ പോകണ്ടെ .. ??" അയാൾ എന്‍റെ നേരെ നോക്കി പിന്നെയും പുഞ്ചിരിച്ചു. 
" കൊല്ലം " 
"അവിടെ പഠിക്കുകയാണോ ?" ദേ വരുന്നു അടുത്ത ചോദ്യം. 
" അതെ എൻജിനീയറിംഗ് " ഞാൻ മറുപടി  നൽകി പിന്നെയും മൊബൈൽ സ്ക്രീനിൽ  കണ്ണും നട്ടിരിപ്പു തുടങ്ങി . 
" ഗേൾഫ്രണ്ടിന്‍റെ മെസ്സേജ് വെയിറ്റ് ചെയ്യുകയാ അല്ലെ ..?"
" ന്ഹെ ... !!" അയാളുടെ നിരീക്ഷണ പാടവത്തെ ഞാൻ മനസാ അഭിനന്ദിക്കുകയും ചെയ്തു. 
"അല്ലാ ..സാധാരണ അങ്ങനെയാണല്ലോ...അതുകൊണ്ട് ചോദിച്ചൂന്നെള്ളൂ " അയാൾ തിരുത്തി. 
എനിക്കാ മനുഷ്യനോടു കുറച്ച് സഹതാപം തോന്നിത്തുടങ്ങിയിരുന്നു  . 
" നിങ്ങളെങ്ങോട്ടാ .... ?? " ഞാൻ തിരിച്ചു ചോദിച്ചു. 
" അപ്പൊ അത് ലൈൻ തന്നെയാണ് അതുകൊണ്ടല്ലേ നീയിപ്പോ വിഷയം മാറ്റിയത് ." അയാൾ ചിരിച്ചും കൊണ്ട് തുടർന്നു . " ഞാൻ തിരുവനന്തപുരത്തെക്കാ ... "
അയാളുടെ മറുപടി എന്നിലും ചിരി പടർത്തി. അശാനാള്  കൊള്ളാം, നേരംപോക്കായിരിക്കും , പക്ഷെ തിരുവനതപുരം വരെ സഹിക്കേണ്ടി വരുമോ എന്നാലോചിച്ചപ്പോൾ ചിരി മെല്ലെ മാഞ്ഞു. പണ്ടാരമടങ്ങാനായിട്ടു അവൾ റിപ്ല്യ്‌ അയക്കുന്നുമില്ല. 
"എങ്ങനാ എനിക്ക് ലൈൻ ഉണ്ടെന്നു മനസ്സിലായെ .. ?" ഞാനൊരു ചൂണ്ടയെറിഞ്ഞു  നോക്കി. 
" അതോക്കെപ്പറയാം ... സമയമുണ്ടല്ലോ ... എന്താ നിന്‍റെ പേര് ? " 

ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ അയാളുടെ പെരുമാറ്റം എന്നെ വല്ലാതെ സ്വാധീനിച്ചു . കാസർഗോഡേക്ക് കുടിയേറിപ്പാർത്ത ഒരു മറുനാടൻ ശില്പി.പേര് സുരേഷ് . ശെരിക്കും പറഞ്ഞാൽ ഒരു തഞ്ചാവൂറുകാരൻ. ഒരനാഥൻ ... ഏതോ പരിചയക്കാരൻ വഴി കേരളത്തിൽ പണിക്കായി വന്ന് ഈ നാടിഷ്ടപ്പെട്ടു ഇവിടെ സ്ഥിര താമസമാക്കിയവൻ .  പക്ഷെ മലയാളം നല്ല ഭംഗിയായി സംസാരിക്കുന്നതിൽ എനിക്കത്ഭുതം തോന്നി. പന്ത്രണ്ടു വർഷമായി കാസറഗോടും പരിസരങ്ങളിലുമായി അമ്പലങ്ങളിൽ ശില്പങ്ങൾ കൊത്തുന്നു. അല്ലാത്തപ്പോൾ സ്വന്തം വീടിനോട് ചേർന്നുള്ള പണിപ്പുരയിൽ കല്ലിനെ ദൈവങ്ങളും മഹത് വ്യക്തികളും ആക്കുന്ന കരവിരുത് പ്രയോഗം. എന്നെക്കുറിച്ചും കുറെ കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു .  സംസാരിച്ച് നേരം പോയതറിഞ്ഞില്ല. അവളുടെ മെസ്സേജ് വന്നിട്ടുണ്ടോ എന്നറിയാൻ ഞാൻ മൊബൈൽ ചെക്ക് ചെയ്തപ്പോഴൊക്കെ സുരേഷേട്ടൻ ചിരിച്ചു. ഒരു കൊച്ചു കുട്ടിയുടേത് പോലെ നിഷ്കളങ്കമായ ചിരി.  സുരേഷേട്ടൻ ചിരിച്ചും കൊണ്ടിരിക്കുന്നത് ഞാനും ആസ്വദിച്ചു. 

വണ്ടി തൃക്കരിപ്പൂർ സ്റ്റെഷനിൽ എത്തിയപ്പോൾ സുരേഷേട്ടനെനിക്ക്  ചായയും പഴം പൊരിയും വാങ്ങിത്തന്നു. 
"എന്താ രജീഷിന്‍റെ കുട്ടീടെ പേര് ... " പഴം പൊരി കഴിക്കുന്നതിന്നിടയിൽ സുരേഷേട്ടൻ തിരക്കി . 
" സരിത " ഞാൻ ചെറു ചിരിയോടെ ആ രഹസ്യം ഒരാളോട് കൂടി പറഞ്ഞു . 
" ഇനി നിങ്ങളുടെ കഥ പറഞ്ഞാലേ ഞാൻ ബാക്കി സരിതയെക്കുറിച്ച് പറയുള്ളൂ . "
വേറെന്തോ ചോദിക്കാൻ വേണ്ടി സുരേഷേട്ടൻ വായ തുറക്കുന്നതിനു മുൻപേ ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു  . 
" എന്‍റെ എന്ത് കഥ ... ??"
" ലവ് സ്റ്റോറി !! "
" അങ്ങനൊന്നും ഇല്ല "
" പിന്നെ .. അതില്ലാതെ എന്നെ അത്ര പെട്ടെന്ന് പിടിക്കൂലായിരുന്നു " ഞാൻ സുരെഷേട്ടനെ ഒന്നു പൊക്കി വിട്ടു. പുള്ളി എന്നെ നോക്കിയൊരു കള്ളച്ചിരി പിന്നെയും പാസാക്കി . 
" എനിക്കും ഉണ്ടായിരുന്നു  ലവ്  . ഞാൻ പണിയെടുത്തിരുന്ന ഒരമ്പലത്തിനടുത്തെ കുട്ടി"  പുള്ളിയത് പറഞ്ഞും  കൊണ്ട് ചായ കുടി തീർത്ത് പ്ലാസ്റ്റിക് കപ്പ് ജനലിലൂടെ വലിച്ചെറിഞ്ഞു.  
" എന്നിട്ട് .. " എനിക്കെന്‍റെ  ആകാംക്ഷ അടക്കിവെയ്ക്കാനെനിക്കായില്ല. 
" എന്നിട്ടെന്താ ... എല്ലാരുടെയും എതിർപ്പവഗണിച്ച് ഞാൻ അവളെ കല്യാണം കഴിച്ചു. അവളുടെ വീട്ടുകാർ ഇതുവരെയും അവളെ അംഗീകരിച്ചിട്ടില്ല.  ആറ്  വർഷമായി , ഒരു കുട്ടിയുമുണ്ട് . രാഹുൽ എന്നാ പേര് "
" എത്ര വയസായി ??" എനിക്ക് കൂടുതലറിയണമായിരുന്നു. ഒരുതരം  പെണ്‍കുട്ടി ചോദ്യമായതെന്നു എനിക്ക് തോന്നുന്നതിന് മുൻപേ സുരേഷേട്ടൻ ഉത്തരവും പറഞ്ഞു . 
രാഹുൽ എൽകെജി യിൽ പഠിക്കുന്നു. കുമ്പളയിലെ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പുള്ളി പ്രേമിച്ചതെന്നുമൊക്കെ പറഞ്ഞപ്പോൾ ഞാനുമാങ്ങു കാച്ചി. 
" എന്‍റെ അന്വേഷണം പറയണം ട്ടോ .." 
സുരേഷേട്ടൻ പിന്നെയും പുഞ്ചിരിച്ചോ അതോ പുഞ്ചിരിക്കാനൊരു ശ്രമം നടത്തിയോ. ഞാനത്  ആലോചിക്കുന്നതിനിടയ്ക്ക്   എന്‍റെ  ഫോണ്‍ വീണ്ടും ശബ്ദിച്ചു. 

അവളുടെ ക്ഷമാപണങ്ങളും ഉമ്മകളും കൊണ്ട് നിറഞ്ഞൊരു മെസ്സേജ് .  പകരം ഞാനുമയച്ചു ആശ്വസിപ്പിക്കാൻ എന്‍റെ ഒലിപ്പീരും ഉമ്മകളും.  ഞാൻ സുരേഷേട്ടനെക്കുറിച്ചും ട്രെയിൻ  വിശേഷവും മൂന്ന് മെസ്സേജ് നീളത്തിൽ അവൾക്കു ചുരുക്കിയെഴുതി. രാത്രി പത്തു മണി കഴിഞ്ഞു വിളിക്കാമെന്ന ഉറപ്പും കൊടുത്തൊരവസാന മെസ്സേജും. അതിനു റിപ്ല്യ്‌യും വന്നു. പരീക്ഷ കാരണം ഉമ്മപ്പരിപാടിയല്ലാതെ വേറൊന്നും നടക്കില്ലെന്നായിരുന്നു ചുരുക്കം.  ടൈപ്പിംഗ്‌ കഴിഞ്ഞു തല പൊക്കിയ ഞാൻ സുരേഷേട്ടനെ കണ്ടില്ല . കുറച്ചു നേരത്തിനുള്ളിൽ പുള്ളി കമ്പാർറ്റ്മെന്റിന്‍റെ ഇടനാഴിയിൽ പ്രത്യക്ഷപ്പെട്ടു . മുഖം കഴുകാൻ പോയതാണെന്ന് തോന്നുന്നു . തൂവാല കൊണ്ട് മുഖവും തോർത്തി പുള്ളി സീറ്റിൽ വന്നിരുന്നു .
" എവിടെപ്പോയതാ ...? " ഞാൻ തിരക്കി .
" ഏയ്‌ ചുമ്മാ ഒന്ന് ഫോണ്‍ വിളിക്കാൻ "
" ചേച്ചിയെ വിളിക്കാൻ പോയതായിരിക്കും അല്ലെ " മറ്റുള്ളവരെ കളിയാക്കാനിഷ്ടപ്പെടുന്ന എന്‍റെ സ്വഭാവം പിന്നെയും വെളിയിൽ  വന്നു. എന്നിട്ടൊരു കള്ളച്ചിരിയും പാസാക്കി .
സുരേഷേട്ടൻ മറുപടിയൊന്നും  പറഞ്ഞില്ല.
എനിക്കെന്തോ പന്തികേട്‌ തോന്നിത്തുടങ്ങി.
സുരേഷേട്ടന്‍റെ മുഖത്തെ പ്രസരിപ്പൊക്കെ മാഞ്ഞു പോയതുപോലെ തോന്നി . പുള്ളി  എന്നെ നോക്കാതെ കാൽമുട്ടിൽ കയ്യും കുത്തി  പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു. ഞാൻ കൈകൾ നീട്ടി പുള്ളിയെ തട്ടി വിളിച്ചു. 
പെട്ടെന്ന് എന്നെ നോക്കിയ സുരേഷേട്ടന്‍റെ കണ്ണിൽ നിന്നും രണ്ട് തുള്ളികൾ എന്‍റെ കൈത്തണ്ടയിൽ പതിച്ചു. പുള്ളി കരയുകയായിരുന്നോ ... ഇത്ര നേരം എന്‍റടുത്ത് ചിരിച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന മനുഷ്യൻ. ഒരു ഫോണ്‍ കോളിൽ എന്താണ് സംഭവിച്ചത് . എന്‍റെ ഹൃദയമിടിപ്പ്‌ കൂടി വരികയാണെന്നു തോന്നി . 

" എന്താ സുരേഷേട്ടാ ഇത് , അയ്യെ...നിങ്ങള് കരയുകയാ..എന്ത് പ്രശ്നമുണ്ടെലും നമുക്ക് ശെരിയാക്കാമെന്നേ.. ഞാനല്ലേ പറയുന്നേ " പുള്ളിയെ ആശസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു .  പക്ഷെ കരച്ചിലിന്‍റെ കാഠിന്യം കൂടി വന്നു . ഒച്ചപ്പാടോന്നും ഇല്ലെങ്കിലും കണ്ണിൽ  നിന്നും തുരുതുരാ കണ്ണീർത്തുള്ളികൾ ഇറ്റിറ്റു വീണു.  ആരെങ്കിലും അത് ശ്രദ്ദിക്കുന്നുണ്ടോയെന്നറിയാൻ ഞാൻ ചുറ്റിലും കണ്ണോടിച്ചു. എല്ലാവരും അവരവരുടെ ഉറക്കത്തിലും വായനയിലും വർത്തമാനം പറച്ചിലിലും മുഴുകിയത് ആശ്വാസമായി തോന്നി . 
കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം പുള്ളിയുടെ കരച്ചിൽ ശമിപ്പിക്കാനെനിക്കായി. 
സുരേഷേട്ടനെന്നെ നോക്കി വികൃതമായി ചിരിച്ചു. 
" ഞാൻ RCC യിലേക്ക് പോക്വാ ... അശ്വതി അവിടെയാ ഉള്ളെ "
" ചേച്ചി RCC യിലാണോ ജോലി ചെയ്യുന്നേ " അത് ചോദിക്കുമ്പോൾ RCC എന്താണെന്ന വ്യക്തമായ ഒരു ധാരണയും എനിക്കില്ലായിരുന്നു. 
"അല്ല ...  അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാ .. റീജിയണൽ കാൻസർ സെന്‍റർ കേട്ടിട്ടില്ലേ  " എന്‍റെ അറിവില്ലായ്മ മനസിലാക്കിയെന്നോണം സുരേഷേട്ടൻ പറഞ്ഞു. 
പിന്നെ പുള്ളിയാണ് കുറെ നേരത്തേക്ക് സംസാരിച്ചത്. 
"ഒരു മാസം മുൻപാണ് ഒരു ദിവസം അവളുടെ മുലയുടെ അറ്റം കല്ലിച്ചിട്ടുണ്ടെന്നു അവൾ പരിഭവം പറഞ്ഞത് . പരിഭവം പറച്ചിൽ കൂടിയപ്പോ കാസർഗോഡ് ഒരു ഡോക്ടറെ കാണിച്ചു. അവരാണെങ്കിൽ കുറെ ചെക്കിങ്ങും സ്കാനിങ്ങും ഒക്കെ എടുത്തു കഴിഞ്ഞപ്പോ RCC  യിലേക്ക് റെഫർ ചെയ്തു. മൂന്നു ദിവസം മുൻപാണ് അവിടെപ്പോയത് .  അവിടെത്തിയപ്പോഴാണറിഞ്ഞത്  സംഗതിയൽപം സീരിയസാണെന്ന് .  എത്രയും പെട്ടെന്ന് കീമോ തെറാപ്പിയോ റേഡിയോ തെറാപ്പിയോ മറ്റോ ചെയ്യണമെന്ന് . നമ്മളുടെ കയ്യിലത്രേം കാഷില്ലാത്തതോണ്ട് ഇന്ന് രാവിലെ തിരിച്ചെത്തിയതാ ഞാൻ . പലരോടും ചോദിച്ചു , അവര് പറയുന്ന ചിലവിന്‍റെ പകുതിയോളമെങ്കിലും ഒപ്പിച്ചു മടങ്ങാമെന്ന വിചാരിച്ചത് . പക്ഷെ ഒന്നുമായില്ല .  അവളുടെ അടുത്തിപ്പോ ആരുമില്ല. അതാ തിരിച്ചു പോകുന്നെ. അവൾക്കാണെങ്കിൽ ഇത് കേട്ടപ്പോ   തൊട്ടേ പേടിയാണ്. ഇത്ര സീരിയസാണെന്നു പോലുമറിയില്ല പാവത്തിന് .  രാഹുലിനെ ഒരു ഫ്രണ്ടിന്‍റെ വീട്ടിൽ നിറുത്തിയിരിക്കുകയാ. അവളുടെ വീട്ടിലൊക്കെ അറിയിച്ചു. മരുനാടൻ ചെക്കനെ പ്രേമിച്ച് ഒളിച്ചോടിയവളോടുള്ള പക അവർക്കിപ്പോഴും തീർന്നിട്ടില്ല. എനിക്കാണെങ്കിലാരുമില്ല അവിടെ നിൽക്കാൻ പറയാൻ."

ഒന്നും പറയാനാവാതെ ആ മനുഷ്യന്‍റെ സങ്കടങ്ങൾ മൊത്തം ഞാൻ കേട്ടിരുന്നു. എപ്പോഴും രതി വികാരം എന്നിൽ നിറച്ച 'മുല'യെന്ന വാക്ക് കൊണ്ട് അദ്ദേഹം കഥ തുടങ്ങിയെങ്കിലും വേദനയല്ലാതെ വേറൊന്നും അതെന്നിൽ നിറച്ചില്ല. എന്ത് പറയണമെന്നെനിക്കറിയില്ലാ എന്നതാണ്  സത്യം . ഒന്നും പറയാനും തോന്നിയില്ല. അല്ലെങ്കിലും കയ്യിൽ കാശില്ലാതെ കള്ള വണ്ടി കയറുന്ന എന്നെപ്പോലുള്ളവർ എന്ത് പറയാനാണ് . പക്ഷെ പല കാര്യങ്ങളും ചോദിക്കണമെന്നുണ്ടായിരുന്നു. 'രാഹുൽ ഫ്രന്റിന്റെ വീട്ടിൽ നിക്കുമോ ?, അശ്വതി ചേച്ചിയുടെ വീട്ടിലറിയിച്ചാൽ സഹായിക്കില്ലേ ? എത്ര ചെലവ് വരും?'.  എല്ലാ ചോദ്യങ്ങളും എന്‍റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. 

സുരേഷേട്ടൻ പിന്നെയും ഇരുട്ടിലേക്ക് നോക്കിയിരുന്നു . ' എന്താ സുരേഷേട്ടാ ഇത് , അയ്യെ...നിങ്ങള് കരയുകയാ..എന്ത് പ്രശ്നമുണ്ടെലും നമുക്ക് ശെരിയാക്കാമെന്നേ.. ഞാനല്ലേ പറയുന്നേ' എന്‍റെ സ്വന്തം വാക്കുകൾ  തന്നെ എന്നെ വീണ്ടും കുത്തിനോവിച്ചുകൊണ്ടിരുന്നു. 
ഞങ്ങൾ പിന്നെയധികമോന്നും സംസാരിച്ചില്ല. പുള്ളി സംസാരിക്കാനുള്ള ഒരു മൂഡിലല്ലായിരുന്നെനെനിക്ക് തോന്നി .  എനിക്ക് ആശ്വസിപ്പിക്കാനും അറിയില്ല. ഉമ്മകൾ കൊണ്ട് ആശ്വസിപ്പിക്കാനാവുന്ന ഗെൽഫ്രെണ്ട് എത്രയോ ഭേദം, ഞാനോലോചിച്ചു . 

വണ്ടി കണ്ണൂർ സ്റ്റെഷനിൽ എത്തിയപ്പോൾ ഞാൻ ഒരു കുപ്പി വെള്ളം വാങ്ങി. സുരേഷേട്ടനും വെള്ളം കുടിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകൾ പുള്ളി പിന്നെയും തൂവാല കൊണ്ട് തുടച്ചു . വണ്ടിയിൽ തിരക്ക് കൂടി . കുറച്ച് ആളുകൾ നിൽക്കുന്നൊക്കെയുണ്ട് . ഒരാള്  വന്നു ഞാനിരുന്ന ഒറ്റ സീറ്റിന്‍റെ ഓരം ചേർന്നിരുന്നു. ഇനി അശ്വതി ചേച്ചിയെക്കുറിച്ച് ഒന്നും സംസാരിക്കാൻ പറ്റില്ലെന്നെനിക്ക് തോന്നി. 
'my battery s low, phone wil get switched off soon. call u 2morow. gudni8, stdy wel 4ur exams' സരിതയ്ക്ക്  അവസാന മെസ്സേജും അയച്ച് ഞാൻ ഫോണ്‍ ഓഫ്ലൈൻ മോഡിലിട്ടു. ഒരു കണക്കിന് ആ ഇംഗ്ലീഷ് പദത്തിനും വളരെ അർത്ഥമുണ്ട്. ലൈനിനെ ഓഫാക്കുന്ന അവസ്ഥ. പുള്ളിയുടെ മുന്നിൽ  നിന്നും അവളോട്‌ സംസാരിക്കാനെന്‍റെ മനസ്സ് സമ്മതിച്ചില്ല. ഇന്നത്തേക്ക് എന്‍റെ ഒലിപ്പീരും  ഉമ്മകളും ഈ മനുഷ്യന്‍റെ സങ്കടത്തിനു മുന്നിൽ അടിയറവു വയ്ക്കുന്നു. 
സമയം പിന്നെയും ചലിച്ചു കൊണ്ടിരുന്നു. എന്റെ ചിന്തകൾക്കും സുരേഷേട്ടന്റെ കണ്ണുനീരിനും ഈ രാത്രിയിൽ വിരാമമില്ലെന്നു തോന്നി. സുരേഷേട്ടൻ പലവട്ടം കരയുന്നത് ഞാൻ ശ്രദ്ദിച്ചു. വിധിയെത്ര ക്രൂരമാണ് ... സുരെഷേട്ടന്‍റെയും അശ്വതി ചേച്ചിയുടെയും സന്തോഷ ദിനങ്ങൾ സങ്കൽപ്പിക്കാൻ ശ്രമിച്ചും  കൊണ്ട് ഞാൻ ചിന്തിച്ചു. 
 മലബാർ  എക്സ്പ്രസ്സ്‌ പിന്നെയും കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . തലശ്ശേരിയും കോഴിക്കൊടുമോന്നും കഴിഞ്ഞത് ഞാനറിഞ്ഞേയില്ല. അതിന്നിയ്ക്ക് ഞാനെപ്പോഴോ എന്‍റെ അർഥ-മയക്കത്തിലേക്ക് വീഴുകയും ചെയ്തു. 

ഉറക്കത്തിന്‍റെ ഇടവേളകളിൽ ഞാൻ എഴുന്നേറ്റപ്പോഴോക്കെയും സുരേഷേട്ടൻ ഇരുട്ടിലേക്ക്  കണ്ണുകൾ നട്ടിരിക്കുകയായിരുന്നു. 

വണ്ടിയെവിടെയോ പിടിച്ചു നിർത്തിയിട്ടപ്പോഴാണ് ഞാനെഴുന്നേറ്റത് . അഞ്ചു മിനിറ്റായി പിടിച്ചിട്ടിട്ടെന്നു അടുത്തിരുന്ന ആള് പറഞ്ഞു. സുരേഷേട്ടന്‍റെ സീറ്റിൽ ആളെ കാണാനില്ല. അവിടെ  ആരോ ഇരിക്കുന്നു . ഞാൻ മെല്ലെ ഫോണ്‍ ഓണാക്കി . സരിതയുടെ വക അഞ്ചാറു മെസ്സേജ് . വായിക്കാൻ തോന്നിയില്ല . മൂന്ന് മിസ്ഡ് കോൾ അലെർട്ട്  മെസ്സേജും വന്നു . എല്ലാം അവള് തന്നെ. 
"അവിടെയിരുന്ന വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച ആളെവിടെ ? " ഞാൻ സുരേഷേട്ടന്‍റെ സീറ്റിൽ ഇരുന്നയാളോട് അന്വേഷിച്ചു. 
" ഒരര മണിക്കൂർ മുൻപേ പോയതാ ഇപ്പൊ വരാം സീറ്റ് പിടിക്കണം എന്നൊക്കെ പറഞ്ഞ്.  വന്നില്ല  " അയാൾ മുന്നിലെ ബാത്രൂമിലേക്കുള്ള ഇടവഴി ചൂണ്ടി  പറഞ്ഞു . 
ട്രെയിനിനു പുറത്തിറങ്ങിയ ഒരാൾ  അകത്തു  വന്നു . 
" എന്താ പറ്റ്യെ  ??" അയാളോടാരോ ചോദിച്ചു. 
" ഏതോ തലയ്ക്കു സുഖമില്ലാത്തവൻ ട്രെയിനിൽ നിന്നും ചാടി . അത് കണ്ട വേറൊരു വെളിവില്ലാത്തവൻ ചെയിനും വലിച്ചു. ഇനിയിപ്പോ പോലീസൊക്കെ വരണമായിരിക്കും. ഇവനൊക്കെ ചാവാൻ ട്രെയിനിലേക്ക്  തന്നെ വരണോ ?" അയാൾ  ദേഷ്യത്തോടെ മറുപടി നൽകി . 
 അയാളുടെ വാക്കുകളും സുരേഷേട്ടനെക്കുറിച്ചുള്ള ചിന്തകളും കൂടിയായപ്പോൾ എന്‍റെ നെഞ്ച് പട - പട ഇടിയ്ക്കുവാൻ തുടങ്ങി . 'ഭഗവാനെ പുള്ളിയായിരിക്കുമോ ട്രെയിനിൽ നിന്നും  ചാടിയത് '. എന്നിലെ നിരീശ്വരവാദിയാണാദ്യം ഈശ്വരനെ വിളിച്ചതെന്നു തൊന്നുന്നു. 
നിമിഷ നേരത്തിനുള്ളിൽ എന്‍റെ ഫോണ്‍ ശബ്ദിച്ചു. സുരേഷേട്ടന്‍റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു വന്നു. പറഞ്ഞറിയിക്കുന്നതിനും വേഗത്തിൽ ഹൃദയമിടിപ്പ്‌ വർദ്ധിച്ചിരുന്നു. 
'എടുത്താൽ പൊല്ലാപ്പാവും .. അയാളെ ചുമക്കേണ്ടി വരും .. വല്ല പോലീസും ആയിരിക്കും ' എന്‍റെ കുരുട്ടി ബുദ്ധിയെന്നെ ഉപദേശിച്ചു. വിറച്ചു കൊണ്ടിരുന്ന എന്‍റെ ശരീരം അതനുസരിക്കുകയും ചെയ്തു . 
പിന്നെയും ഒരു പ്രാവശ്യം കൂടി ഫോണ്‍ ശബ്ദിക്കുവാൻ തുടങ്ങുന്നതിനു മുൻപേ ഞാനത് സൈലന്‍റ മോഡിൽ ഇട്ടിരുന്നു. ഒരു പ്രാവശ്യം കൂടി എന്‍റെ N72 സ്ക്രീനിലെ  ലൈറ്റുകൾ തെളിയിച്ചു 'Sureshettan' എന്ന് സ്ക്രീനിൽ കാണിച്ചു. പുള്ളിക്ക് നമ്പർ കൊടുത്ത നിമിഷത്തെ പല്ലുകൾ ഞെരുക്കി ഞാൻ ശപിച്ചു കൊണ്ടിരുന്നു . 

കുറച്ചു നേരം ഞാനാ  ഇരിപ്പ് തുടർന്നു. സ്വസ്ഥത ഇല്ലാതായപ്പോൾ മെല്ലെ എഴുന്നേറ്റു , സീറ്റ് പിടിക്കാൻ അടുത്തിരുന്നയാളിനെ ഏല്പ്പിച്ച് മെല്ലെ വാതിലിനടുത്തേക്ക് നടന്നു. 
പുറത്തേക്കു നോക്കിയപ്പോൾ ഒരാൾക്കൂട്ടം കണ്ടു. പോകാൻ തോന്നിയില്ല. പേടിയാവുന്നെന്നു പറയുന്നതാവും ശെരി. ഇരുട്ടിൽ ചലനമറ്റു കിടക്കുന്ന സുരേഷേട്ടന്‍റെ ശരീരം ഞാൻ സങ്കൽപ്പിച്ചു നോക്കി . ഈ വാർത്ത അറിയുമ്പോൾ ഹൃദയം പൊട്ടുന്ന ഒരശ്വതി ചേച്ചിയെയും ഞാൻ സങ്കൽപ്പിക്കാനൊരു വിഫല ശ്രമവും നടത്തി. എന്‍റെ  കൈകാലുകൾ  പിന്നെയും വിറച്ചു .  ഹൃദയമിടിപ്പ്‌ ഇനിയും കുറഞ്ഞിട്ടില്ല . 
പെട്ടെന്നെന്‍റെ ചുമലിൽ ആരോ തട്ടി . 
"നീ എഴുന്നേറ്റോ ... ??" പരിചിതമായൊരു ശബ്ദത്തിന്‍റെ ഉറവിടത്തിനായി  ഞാൻ തല തിരിച്ചു. 
സുരേഷേട്ടൻ എന്‍റെ പുറകിൽ നിൽക്കുന്നു . പ്രേതമാണോ എന്‍റെ മുന്നിൽ നിൽക്കുന്നതെന്ന ചെറിയോരാശങ്ക എന്നെ അലട്ടി . 
" ഞാൻ സംസാരിച്ചിരിക്കാനാ ഫോണ്‍ വിളിച്ചെ .. നീ എടുത്തില്ല " പുള്ളി പറഞ്ഞു . 
എന്‍റെ പേടികൾ പമ്പ കടന്നു . അതൊരാശ്വാസത്തിൽ പര്യവസാനിച്ചു. 
"ഞാൻ വിചാരിച്ചു .... " ഞാൻ മുഴുമിപ്പിച്ചില്ല . 
" ഉം .. എനിക്ക് തോന്നി ... ഞാനായിരിക്കും ട്രെയിനിൽ നിന്നുംചാടിയത് എന്നല്ലേ ??"
ആ വാക്കുകൾ കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി . ഈ മനുഷ്യനെ ആണല്ലോ  ഞാനെന്ന സ്വാർത്ഥൻ ഉപേക്ഷിക്കാൻ നോക്കിയതെന്ന കുറ്റബോധമെന്‍റെ  തല കുനിപ്പിച്ചു. 
പുള്ളി എന്നെ പുറത്തുണ്ടായിരുന്ന ഒരു വലിയ കല്ലിന്‍റെ മുകളിലേക്ക് ഇരിക്കാൻ ക്ഷണിച്ചു. ഞങ്ങൾ അതിലിരുന്നു ഒരുപാട് നേരം സംസാരിച്ചു . വളരെ ധൈര്യശാലിയായ ഒരു സാധാരണക്കാരനെ ഞാനയാളിൽ കണ്ടു . അയാളുടെ  ആത്മ വിശ്വാസവും  ശുഭാപ്തി  വിശ്വാസവും  എനിക്കുണ്ടായിരുന്നെങ്കിലെന്നു ഞാനാശിച്ചു . ട്രെയിനിൽ നിന്ന് ചാടിയ ആ ഭീരു ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് കടന്നു വന്നേയില്ല . 
" പിന്നെ... ഞാനത്ര ഭീരുവോന്നുമല്ല .... ഒന്നുമില്ലെങ്കിലും എന്നെ വിശ്വസിച്ച്   ഒരു  പാവം പെണ്ണും ,  ഞങ്ങൾക്ക്  ദൈവം  തന്ന സമ്മാനവും എനിക്ക് വേണ്ടി   കാത്തിരിപ്പുണ്ടെന്ന് ഞാനോർക്കണ്ടേ ". 
ആ മനുഷ്യൻ എന്നിൽ വലുതാവുകയായിരുന്നു . മാനം മുട്ടെ ... എന്‍റെ മൊബൈലും ഉമ്മകളും നക്കിയ പ്രേമത്തിനും മുകളിൽ . 
ഒരു മണിക്കൂർ   കഴിഞ്ഞു ട്രെയിൻ വിടും വരേയ്ക്കും ഞങ്ങൾ  സംസാരിച്ചു . മനസ്സ് നിറയുവോളം . പുള്ളിക്കതോരാശ്വാസം ആയെന്നെനിക്കും തോന്നി .

കൊല്ലം സ്റ്റേഷനിൽ രാവിലെ വണ്ടിയിറങ്ങുമ്പോൾ സുരേഷേട്ടൻ നിറഞ്ഞ ചിരിയുമായി ഡോർ വരെ  എന്‍റെ കൂടെ   വന്നു.
" സരിതയോട് ഞാൻ അന്വേഷിച്ചതായി  പറയണം "  അത് പറഞ്ഞപ്പോഴും പുള്ളിയുടെ മുഖത്തെ ചിരി മാഞ്ഞില്ല. 
 അവളോട്‌ ഇത് പറയുമോ എന്നെനിക്കൊരുറപ്പും ഇല്ലായിരുന്നുവെങ്കിലും  ഈ യാത്ര ഞാനൊരിക്കലും മറക്കില്ലെന്നെനിക്കുറപ്പുണ്ടായിരുന്നു. 

18 Mar 2013

" വല്ലതും തരണേ .... !!! "

ചെന്നൈ എക്സ്പ്രസ്സില്‍ തിരക്ക് കൂടിയപ്പോ എന്‍റെ ഉറക്കത്തിനും ഭംഗം വന്നു. നാറുന്ന വായും മലര്‍ക്കെ തുറന്നു ഞാന്‍ ഒരു കോട്ടുവാ ഇട്ടപ്പോള്‍ അടുത്തിരുന്ന കൊട്ടും സൂട്ടും അണിഞ്ഞ പരിഷ്കാരി എന്നെ രൂക്ഷമായൊന്നു നോക്കി . നമ്മളുണ്ടോ വിടുന്നു . ഞാനും തറപ്പിച്ചു തന്നെ നോക്കി , മലയാളി അത്ര ചെറിയവനോന്നും അല്ലെന്നു ആളും അറിയണമല്ലോ .  ആ മാന്യന്‍ എന്നെ വീണ്ടും അടിമുടിയൊന്നു നോക്കി എന്നിട്ട് അവന്‍റെ  മൂക്കിനു നേരെ കൈ വീശി . എന്‍റെ  പ്രതികാരത്തിനു കാത്തു നില്‍ക്കാതെ അയാളുടെ തമിഴ് പത്രത്തിലേക്ക് പിന്നെയും കുനിഞ്ഞു.

ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ആളുകള്‍ ഒക്കെ മാറിയിരിക്കുന്നു . ഇന്നലെ രാത്രി  ഉറങ്ങാന്‍ കിടന്നപ്പോഴുണ്ടായിരുന്ന പല മുഖങ്ങളും അപ്രത്യക്ഷമായിരിക്കുന്നു .  പുതിയ കുറേ കഥാപാത്രങ്ങള്‍ എന്‍റെ മുന്നിലിരുന്നു പല്ലിളിക്കുന്നതായി എനിക്ക് തോന്നി .  ട്രെയിന്‍ ഏതോ സ്റ്റോപ്പില്‍ ചൂളമടിക്കാതെ തന്നെ നിന്നു. പിന്നെയും പല മുഖങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്തു. കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരെ തപ്പിയ എന്‍റെ കണ്ണുകള്‍ നിരാശരായി അകത്തിരുന്ന മുപ്പതുകാരിയിലേക്ക് വീണ്ടും ഒളികണ്ണിട്ടു.

" കാഫീ ..... കാഫീ ..... "
ഒരു കൊമ്പന്‍ മീശക്കാരന്‍ വെയിറ്റര്‍  ഞാനിരുന്ന ജനലിന്‍റെ അടുത്തു വന്നിരുന്നു വിളിച്ചു പറഞ്ഞു. എന്‍റെ കൈ പോക്കെറ്റില്‍ ചില്ലറയ്ക്ക് വേണ്ടി തപ്പാന്‍ തുടങ്ങുന്നതിനു മുന്‍പേ പുള്ളിക്കാരന്‍ പ്ലാസ്റ്റിക്‌ കപ്പില്‍ കോഫി പകര്‍ന്നു കഴിഞ്ഞിരുന്നു.  ഉണ്ടായിരുന്ന ചില്ലറ മൊത്തം തപ്പിയെടുത്തപ്പോള്‍ പത്തു രൂപ കിട്ടി . എല്ലാം വേണം ഒരു കാപ്പിയുടെ വിലയോളം വരാന്‍ എന്നറിഞ്ഞപ്പോള്‍ ഒരു ദേഷ്യം മുഖത്ത് മിന്നി മറഞ്ഞിരിക്കണം .
" വെല എറിടിച്ച് സാര്‍ ..... " കൊമ്പന്‍ മീശ എന്നെ സമാധാനിപ്പിച്ചു . ഞാന്‍ ഉപചാരപൂര്‍വ്വം ചിരിച്ചെന്നു വരുത്തി .

വാങ്ങിയ ചൂടുള്ള കാപ്പി ജനലിന്‍റെ ഫ്രെയ്മിനോട് ചേര്‍ത്തു വച്ചു തിരിഞ്ഞപ്പോള്‍ കോട്ടിട്ട പരിഷ്കാരി എന്നെ പിന്നെയും നോക്കുന്നു .

 'ഈ വായും വച്ചാണോ നീ കാപ്പി കുടിക്കാന്‍ പൊകുന്നത്  ??? ' എന്നൊരു ചോദ്യം എനിക്ക് നേരെ തിരിഞ്ഞ ആ നോട്ടത്തില്‍ ഉള്ളതായി എനിക്ക് തോന്നി. ഞാൻ  മെല്ലെ എഴുന്നേറ്റു , പാന്‍സിന്‍റെ ബാക്ക് പോക്കെറ്റില്‍ നിന്നും തൂവാലെയടുത്ത് സീറ്റില്‍ വിരിച്ചിട്ടു. എന്‍റെ സീറ്റിലുള്ള അവകാശം തെളിയിക്കാന്‍ അത് മതിയെന്ന് മനസ്സിന് ബോധ്യമായപ്പോള്‍ കമ്പാര്‍ട്ട്മെന്‍റിലെ  ടോയിലെറ്റുള്ള ദിശയിലേക്കു മെല്ലെ നടന്നു .

തിക്കും തിരക്കും കഴിഞ്ഞു ടോയിലെറ്റിന്‍റെ ഭാഗത്ത് എത്തിയപ്പോള്‍  വാഷ്‌ ബേസിനില്‍ മൊത്തം ഏതോ തെണ്ടിയുടെ പൂക്കളം കിടക്കുന്നു. ഞാന്‍ ടോയിലെറ്റിന്‍റെ അകത്തു കയറി വായും മുഖവും കഴുകി  പുറത്തിറങ്ങി. എന്‍റെ വരവും കാത്തു ഒരു കൊച്ചു ചെറുക്കന്‍ പുറത്തു നില്പുണ്ടായിരുന്നു. കയ്യില്‍ ഒരു ഉടഞ്ഞ പ്ലാസ്റ്റിക്‌ ബോട്ടിലും പിടിച്ച്  നിന്ന് അവന്‍ കിതയ്ക്കുകയായിരുന്നു . കണ്ടാല്‍ ഏകദേശം ഒരു നാല് വയസ്സ് തോന്നിക്കും , മുഷിഞ്ഞ ഷര്‍ട്ടും അവിടവിടെ കീറിയ കാലറ്റം  വരെ എത്താത്ത ഒരു പാന്‍റ്സുമാണ് വേഷം . നാല് വയസ്സ് മാത്രമേ തോന്നിക്കുവെങ്കിലും ഒരു കൂലിപ്പണിക്കാരനെപ്പോലെ  അവന്‍റെ ശരീരം മൊത്തം വിയര്‍ത്തു കുളിച്ചിരുന്നു .


അവനെന്താണ് ചെയ്യുവാന്‍ പോകുന്നതെന്ന ജിജ്ഞാസ എന്നെ ടോയിലെറ്റിന്‍റെ പുറത്തു കാത്തു നില്‍ക്കാന്‍ പ്രേരിപ്പിച്ചു. നമ്മുടെ താരം രണ്ടു മിനിട്ടിനുള്ളില്‍ തിരിച്ചിറങ്ങി , ബോട്ടില്‍ നിറച്ചു വെള്ളമുണ്ടായിരുന്നു. അവന്‍റെ മുഷിഞ്ഞ ഷര്‍ട്ടിന്‍റെ കുറച്ചു ഭാഗം നനഞ്ഞു കുതിര്‍ന്നിരുന്നു . ബാത്രൂമിലെ വെള്ളം കുടിച്ചപ്പോള്‍ നനഞ്ഞതായിരിക്കുമെന്ന് ഞാനൂഹിച്ചു. ഞാന്‍ നോക്കി നില്‍ക്കെ തന്നെ അവന്‍ തിരക്കിനിടയില്‍ മറഞ്ഞു .


തിരിച്ച് 'എന്‍റെ' സീറ്റിനടുത്തെത്തിയ ഞാന്‍ എന്‍റെ തൂവാല കണ്ടില്ല . ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുന്‍പേ അവിടെ കയറിക്കൂടിയ ആള്‍ മെല്ലെ എഴുന്നേറ്റു. ആള്‍ ഞെരിച്ചുടച്ച എന്‍റെ തൂവാല ഉണങ്ങിയ കരിയില കണക്കെ ചുരുങ്ങിയിരുന്നു. ആളെ കാണാന്‍ നല്ല സൈസ് തോന്നിയത് കൊണ്ട് ഒന്നും പറയാതെ ഞാന്‍ വേഗം സീറ്റില്‍ കയറിയിരുന്നു. ഇരിപ്പ് ആയാസകരമാക്കാന്‍ ഒന്നനങ്ങിയപ്പോള്‍ കോട്ടിട്ട പരിഷ്കാരി പിന്നെയും തല പൊക്കി. ഞാന്‍ വായ കഴുകിയത്തിലുള്ള സന്തോഷമായിരിക്കണം , അയാള്‍ എന്നെ നോക്കി ചിരിച്ചു.

കാപ്പി കപ്പു തൊട്ടു നോക്കിയപ്പോള്‍ തണുത്തിരിക്കുന്നു. കുടിക്കാന്‍ തോന്നിയില്ല. പത്തു രൂപ വേസ്റ്റ് ആയതിന്‍റെ നിരാശയായിരുന്നു എനിക്ക്. കാപ്പി വാങ്ങാന്‍ തോന്നിയ നിമിഷത്തെയും വായ കഴുകാന്‍ എടുത്ത തീരുമാനത്തെയും മനസ്സാ ശപിക്കുകയും ചെയ്തു.
നിരാശയ്ക്ക് ഭംഗം വരുത്തണമെന്നു വിചാരിച്ചാണ് മുപ്പതുകാരിയിലേക്ക് പിന്നെയും കണ്ണ് തിരിച്ചത്. അവിടെയിരിക്കുന്ന പല മാന്യന്മാരും ഒളികണ്ണുകള്‍ കൊണ്ട് അവരുടെ  ഇരുനിറ വയറിന്‍റെ സൗന്ദര്യം ഊറ്റിക്കുടിക്കുകയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന എന്‍റെ മനസ്സിനെ ശപിച്ച് ഞാൻ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു. പനകളും മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകളും വെളുത്ത മണ്ണും പ്രഭാത കൃത്യങ്ങളിൽ ഏർപ്പെടുന്ന മനുഷ്യരും എന്‍റെ മനം മടുപ്പിച്ചു . തണുത്തുറഞ്ഞ ചായ എന്ത് ചെയ്യണമെന്നറിയാതെ കപ്പിലേക്ക് കണ്ണും നട്ടിരുന്നപ്പൊഴാണ് ദൂരെ നിന്നെവിടുന്നോ ഒരു പിഞ്ചു കുഞ്ഞിന്‍റെ കരച്ചിൽ കേട്ടത്. അലമുറയിട്ടു കരയുന്ന ആ കുഞ്ഞിന്‍റെ  അമ്മയെ കിട്ടിയിരുന്നെങ്കിൽ ...... എന്‍റെ  പ്രതികാര ദാഹിയായ മനസ്സ് വീണ്ടും പറഞ്ഞു .... എപ്പോഴെത്തെയും പോലെ ... ആരും കേൾക്കാതെ ....

കുഞ്ഞിന്‍റെ കരച്ചിൽ അടുത്തടുത്തു വരുന്നതായി തോന്നി . അടുക്കുന്തോറും അതിന്‍റെ ഗാംഭീര്യം കുറഞ്ഞത് തെല്ലൊരു ആശ്വാസമായി . കരച്ചിലിന്‍റെ ഉടമയെ കാണാൻ ഞാൻ മെല്ലെ തല തിരിച്ചു ... 


ഒരു നാലു മിനിറ്റു കഴിഞ്ഞു കാണും . സാധാരണ ട്രെയിനിൽ കേൾക്കാറുള്ള ടൈൽസ് കഷണങ്ങൾ  തട്ടുന്ന ശബ്ദം കേൾക്കുന്നു. ഒരു പാട്ടും ഇപ്പോ കേൾക്കാം.പതിവ്‌ ശൈലിയിൽ നീട്ടി വലിച്ച രാഗം ... ഒരർത്ഥവുമില്ലാത്ത വരികളൊപ്പിച്ചു നേരിയ ശബ്ദത്തിൽ 'പർദെസി .... പർദെസി .... ' അവ്യക്തമായി കേൾക്കുന്നു.   "അത് ആ ചെറുക്കനായിരിക്കുമോ ?" എന്‍റെ മനസ്സിപ്പോഴും അവനു പിറകേ തന്നെയായിരുന്നു.

 എന്‍റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഒരമ്മയും കുഞ്ഞും കമ്പാര്‍ട്ട്മെന്‍റിന്‍റെ ഇടനാഴിയിൽ വന്നു നിന്നു. ഇടത്തേക്കയ്യിൽ പിടിച്ച അവളുടെ കുഞ്ഞ് അവളുടെ ഒക്കത്തിരുന്നു ഒരു പ്ലാസ്റ്റിക്‌ കപ്പു കൊണ്ട് കളിക്കുകയായിരുന്നു .  അമ്മയെന്ന് വിളിക്കാനുള്ള പ്രായമായിട്ടുണ്ടോ അവൾക്കെന്നു എനിക്കൊരുറപ്പുമില്ല. ആ കൈക്കുഞ്ഞിനെക്കാളും കുട്ടിത്തമുണ്ടായിരുന്നു അവളുടെ  മുഖത്തിന്. വാടിയ മുഖത്ത് പാറി വീണ മുടിച്ചീളുകൾ വലത്തെ കൈമുട്ടുകൊണ്ട് ഒതുക്കി വയ്ക്കാൻ അവൾ പാടു പെടുന്നുണ്ടായിരുന്നു. ഏകദേശം ഒരു പതിനെട്ട്‌ .... അതുമല്ലെങ്കിൽ ഒരിരുപത് ... അതിനപ്പുറം പോകില്ല . അലസമായി അവൾ ചുറ്റിയ സാരിയും അതിൽക്കൂടി അവൾ പ്രദർശിപ്പിച്ച സൗന്ദര്യവും എന്നെ ആകർഷിച്ചില്ലെന്നു പറഞ്ഞാലതൊരു കള്ളമാവും. പക്ഷെ അത് ആസ്വദിക്കാനെന്‍റെ മനസ്സ് സമ്മതിച്ചില്ലെന്നു പറയുന്നതാവും ശരി.

അധികം താമസിയാതെ നമ്മുടെ താരവുമെത്തി. പക്ഷെ , ഇപ്രാവശ്യം അവന്‍റെ കയ്യിലൊരു ഇരുന്പു  വളയവുമുണ്ടായിരുന്നു.  അവന്‍റെ  വലത്തേ കാലിലെ പെരും വിരൽ പൊട്ടി ചോര ഒലിക്കുന്നുണ്ട് . ആ വിരലിൽ ഒരു പ്ളാസ്റിക് കവറിന്‍റെ  കഷണം വലിഞ്ഞു മുറുകിയിരിക്കുന്നു, അതിന്‍റെ  അറ്റത്തുക്കൂടി ചോരത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു. അവനൊരു കൂസലും ഇല്ലാത്തതിൽ എനിക്കു വല്ലാത്ത അദ്ഭുതം തോന്നി. നേരത്തെ വെള്ളവുമായി ഓടിയപ്പോൾ എവിടെയെങ്കിലും തട്ടിയതാവും.... ഞാനൂഹിച്ചു.


എന്‍റെ  ചിന്തകളെ  കീറി മുറിച്ച  ഒരു നീണ്ട 'സർ' വിളി കേട്ടാണ് ഞാൻ തിരിഞ്ഞത് . മുന്നിൽ നാല് വയസ്സുകാരൻ അവന്‍റെ  കൈ ഞാൻ ജനലിനോട്‌ ചേർത്തു വച്ച ചായ കപ്പിൽ ചൂണ്ടി നില്ക്കുന്നു . ആ തണുത്തുറഞ്ഞ കാപ്പിപ്പൊടി  വെള്ളം  അവന്‍റെ  കയ്യിൽ വച്ചു കൊടുത്തപ്പോൾ സന്തോഷത്തിന്‍റെ  ഒരു മിന്നലാട്ടത്തിനായി ഞാൻ  അവന്‍റെ  കണ്ണുകളിൽത്തന്നെ നോക്കി നിന്നു . എനിക്കു പിടി തരാതെ ആ കൊച്ചു ദേഹം കുഞ്ഞിന്‍റെ അമ്മയുടെ കൈയ്യിലതേൽപ്പിച്ചു . ആ കൊച്ചു സുന്ദരി അതവളുടെ കുഞ്ഞിനു നൽകി .  കാപ്പി കളയാൻ തോന്നാത്ത നിമിഷത്തിനു നന്ദിയും പറഞ്ഞ് ഞാനും വെറുതെ പുഞ്ചിരിച്ചു . അടുത്തിരുന്ന കോട്ടിട്ട പരിഷ്കാരികളെ പേടിക്കാതെ തന്നെ .

അവനെ എല്ലാരും ശ്രദ്ദിക്കുവാൻ തുടങ്ങിയിരിക്കുന്നു .  ആ ഇരുന്പ് വലയം വച്ച് അവനെന്താണ് കാണിക്കാൻ പോകുന്നതെന്ന ജിജ്ഞാസ എല്ലാരുടെ മുഖത്തു നിന്നും വായിച്ചെടുക്കാo . സമയം കളയാതെ അവൻ വളയവുമെടുത്ത് അതിനകത്തുകൂടി രണ്ടു മൂന്നു പ്രാവശ്യം അവന്‍റെ ശരീരം കടത്തി വിട്ടു. വളരെ ആയാസകരമായി ചെയ്ത പ്രവൃത്തിയിക്കിടയിലും അവന്‍റെ കാൽ വിരലിൽ നിന്നും ചോര ഒലിക്കുന്നതു കാണാമായിരുന്നു.

വളയത്തിൻ മേലുള്ള അവന്‍റെ പ്രവൃത്തി കഴിഞ്ഞപ്പോൾ 'കുഞ്ഞിന്‍റെ അമ്മ' അവനെ അടുത്തോട്ടു വിളിച്ചു.
" അൻപ് ..... ഇങ്കെ വാടാ...  "
" സെരി  മ്മാ .... "
അൻപ് വിളി കേട്ടു.
നേരത്തെ അവൻ കൊണ്ടു വന്ന തകരപ്പാട്ട അവൾ അൻപിനു  കൊടുത്തു .
അവര് തമ്മിലുള്ള സംഭാഷണം എനിക്ക് പുതിയ കുറെ അറിവുകൾ സമ്മാനിച്ചു . അവരു തമ്മിലുള്ള ബന്ധo എന്നെ ഞെട്ടിച്ചു.  എന്‍റെ കുരുട്ടു ബുദ്ധി  അവൾക്കു എത്ര വയസ്സിലാണ് അവനുണ്ടായതെന്നു കണക്കു കൂട്ടുന്നതിനിടയ്ക്കു  കുറെ നാണയത്തുട്ടുകൾ അവന്‍റെ തകരപ്പാട്ടയിൽ വീഴുന്ന ശബ്ദം കേട്ടു. അവന്‍റെ വളയ-സാഹസത്തിനു ജനങ്ങളുടെ സമ്മാനം.

എന്‍റെ ചിന്തകൾ  മനസ്സിനെ പിന്നെയും കാർന്നു തിന്നുകയായിരുന്നു.  ആരെങ്കിലും ഏതെങ്കിലും ഇരുളിന്‍റെ മറവിൽ അവൾക്കു സമ്മാനിച്ചതാവം രണ്ടു പേരെയും. ചിലപ്പോ വിശന്ന വയറു നിറയ്ക്കാൻ വേണ്ടി , അല്ലെങ്കിൽ ക്രൂരനായ ഒരച്ഛൻ നിർബദ്ധിച്ചതാവം അതുമല്ലെങ്കിൽ ഞാനടക്കമുള്ള ആണുങ്ങൾ അഹങ്കരിക്കുന്ന ശക്തിയെന്ന ആയുധം പ്രയോഗിച്ചു കീഴ്പ്പെടുത്തിയതുമാവാം. അറിയില്ലെനിക്ക്‌ .... അല്ലെങ്കിൽ ഞാനെന്തിനു അതൊക്കെ അറിയണം .... വല്ല ഡൽഹിയിലോ മുംബൈയിലോ ഞാനുൾപ്പെടുന്ന അഭ്യസ്ത വിദ്യരിൽ ആരെങ്കിലും ആക്രമിക്കപ്പെടുമ്പോൾ മാത്രം കാണിക്കാമെന്‍റെ പ്രതിഷേധം . ഫേസ്ബുക്കിൽ നാലഞ്ചു പ്രതിഷേധ  പോസ്റ്റുകൾ ഷെയർ ചെയ്തും ലൈക്‌ ചെയ്തും കാണിക്കാവുന്ന സ്ഥിരം ഷോ. എന്നോട് തന്നെ പുച്ഛം തോന്നുന്നു.


കൂടെയുള്ളവരുടെ പ്രതികരണങ്ങൾ ശ്രദ്ദിക്കാതെ ഞാൻ ഒരു പത്തു രൂപ നോട്ട് അവന്‍റെ തകരപ്പാട്ടയിൽ നിക്ഷേപിച്ചപ്പോൾ നേരത്തെ ഞാൻ തിരഞ്ഞ  തിളക്കം അവന്‍റെ കണ്ണുകളിൽ കണ്ടു. കോട്ടിട്ട പരിഷ്കാരിക്ക് പത്രം മടുത്തെന്നു തോന്നുന്നു. പുള്ളിയിപ്പോൾ എന്‍റെ പ്രവൃത്തികൾ ശ്രദ്ധിക്കുകയാണ്.


'പർദെസിപ്പാട്ടും' ടൈൽസ് മുട്ടുന്ന ശബ്ദവും എന്നിൽ നിന്നകന്നു പൊയ്ക്കൊണ്ടിരുന്നു. അടുത്ത സ്റ്റെഷൻ എത്തിയപ്പോൾ അവ അപ്രത്യക്ഷമായെന്നു തോന്നി. പിന്നെയും പല അൻപ്മാരും എന്നെക്കടന്നു പോയി. വിശക്കുന്ന വയറുമായി. ആവരുടെ കൂടെയൊന്നും പതിന്നാലു വയസ്സിൽ അമ്മയാവേണ്ടി വന്ന ഒരു പെണ്‍കുട്ടിയെയും ഞാൻ കണ്ടില്ല. ഞാൻ കണ്ട അമ്മമാരോന്നും മക്കൾക്ക്‌ വേണ്ടി ടൈൽസ് മുട്ടിയുമില്ല.


ഇല്ല ... ടൈൽസ് പിന്നെയും മുട്ടുന്നുണ്ടായിരുന്നു ... എന്‍റെ മനസ്സിൽ .... പതിന്നാലു വയസ്സിൽ അമ്മയായ ആ പെങ്കുട്ടിയെയോർത്തും കൊണ്ട് .... വെറുതെ .... നാലു പേരോട് എഴുതിയറിക്കുവാനെങ്കിലും ....


പെങ്ങളെ .... എന്നോട് ക്ഷമിക്കൂ ... ഞാനും സ്വാർത്ഥനാണ് ....