18 Mar 2013

" വല്ലതും തരണേ .... !!! "

ചെന്നൈ എക്സ്പ്രസ്സില്‍ തിരക്ക് കൂടിയപ്പോ എന്‍റെ ഉറക്കത്തിനും ഭംഗം വന്നു. നാറുന്ന വായും മലര്‍ക്കെ തുറന്നു ഞാന്‍ ഒരു കോട്ടുവാ ഇട്ടപ്പോള്‍ അടുത്തിരുന്ന കൊട്ടും സൂട്ടും അണിഞ്ഞ പരിഷ്കാരി എന്നെ രൂക്ഷമായൊന്നു നോക്കി . നമ്മളുണ്ടോ വിടുന്നു . ഞാനും തറപ്പിച്ചു തന്നെ നോക്കി , മലയാളി അത്ര ചെറിയവനോന്നും അല്ലെന്നു ആളും അറിയണമല്ലോ .  ആ മാന്യന്‍ എന്നെ വീണ്ടും അടിമുടിയൊന്നു നോക്കി എന്നിട്ട് അവന്‍റെ  മൂക്കിനു നേരെ കൈ വീശി . എന്‍റെ  പ്രതികാരത്തിനു കാത്തു നില്‍ക്കാതെ അയാളുടെ തമിഴ് പത്രത്തിലേക്ക് പിന്നെയും കുനിഞ്ഞു.

ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ആളുകള്‍ ഒക്കെ മാറിയിരിക്കുന്നു . ഇന്നലെ രാത്രി  ഉറങ്ങാന്‍ കിടന്നപ്പോഴുണ്ടായിരുന്ന പല മുഖങ്ങളും അപ്രത്യക്ഷമായിരിക്കുന്നു .  പുതിയ കുറേ കഥാപാത്രങ്ങള്‍ എന്‍റെ മുന്നിലിരുന്നു പല്ലിളിക്കുന്നതായി എനിക്ക് തോന്നി .  ട്രെയിന്‍ ഏതോ സ്റ്റോപ്പില്‍ ചൂളമടിക്കാതെ തന്നെ നിന്നു. പിന്നെയും പല മുഖങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്തു. കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരെ തപ്പിയ എന്‍റെ കണ്ണുകള്‍ നിരാശരായി അകത്തിരുന്ന മുപ്പതുകാരിയിലേക്ക് വീണ്ടും ഒളികണ്ണിട്ടു.

" കാഫീ ..... കാഫീ ..... "
ഒരു കൊമ്പന്‍ മീശക്കാരന്‍ വെയിറ്റര്‍  ഞാനിരുന്ന ജനലിന്‍റെ അടുത്തു വന്നിരുന്നു വിളിച്ചു പറഞ്ഞു. എന്‍റെ കൈ പോക്കെറ്റില്‍ ചില്ലറയ്ക്ക് വേണ്ടി തപ്പാന്‍ തുടങ്ങുന്നതിനു മുന്‍പേ പുള്ളിക്കാരന്‍ പ്ലാസ്റ്റിക്‌ കപ്പില്‍ കോഫി പകര്‍ന്നു കഴിഞ്ഞിരുന്നു.  ഉണ്ടായിരുന്ന ചില്ലറ മൊത്തം തപ്പിയെടുത്തപ്പോള്‍ പത്തു രൂപ കിട്ടി . എല്ലാം വേണം ഒരു കാപ്പിയുടെ വിലയോളം വരാന്‍ എന്നറിഞ്ഞപ്പോള്‍ ഒരു ദേഷ്യം മുഖത്ത് മിന്നി മറഞ്ഞിരിക്കണം .
" വെല എറിടിച്ച് സാര്‍ ..... " കൊമ്പന്‍ മീശ എന്നെ സമാധാനിപ്പിച്ചു . ഞാന്‍ ഉപചാരപൂര്‍വ്വം ചിരിച്ചെന്നു വരുത്തി .

വാങ്ങിയ ചൂടുള്ള കാപ്പി ജനലിന്‍റെ ഫ്രെയ്മിനോട് ചേര്‍ത്തു വച്ചു തിരിഞ്ഞപ്പോള്‍ കോട്ടിട്ട പരിഷ്കാരി എന്നെ പിന്നെയും നോക്കുന്നു .

 'ഈ വായും വച്ചാണോ നീ കാപ്പി കുടിക്കാന്‍ പൊകുന്നത്  ??? ' എന്നൊരു ചോദ്യം എനിക്ക് നേരെ തിരിഞ്ഞ ആ നോട്ടത്തില്‍ ഉള്ളതായി എനിക്ക് തോന്നി. ഞാൻ  മെല്ലെ എഴുന്നേറ്റു , പാന്‍സിന്‍റെ ബാക്ക് പോക്കെറ്റില്‍ നിന്നും തൂവാലെയടുത്ത് സീറ്റില്‍ വിരിച്ചിട്ടു. എന്‍റെ സീറ്റിലുള്ള അവകാശം തെളിയിക്കാന്‍ അത് മതിയെന്ന് മനസ്സിന് ബോധ്യമായപ്പോള്‍ കമ്പാര്‍ട്ട്മെന്‍റിലെ  ടോയിലെറ്റുള്ള ദിശയിലേക്കു മെല്ലെ നടന്നു .

തിക്കും തിരക്കും കഴിഞ്ഞു ടോയിലെറ്റിന്‍റെ ഭാഗത്ത് എത്തിയപ്പോള്‍  വാഷ്‌ ബേസിനില്‍ മൊത്തം ഏതോ തെണ്ടിയുടെ പൂക്കളം കിടക്കുന്നു. ഞാന്‍ ടോയിലെറ്റിന്‍റെ അകത്തു കയറി വായും മുഖവും കഴുകി  പുറത്തിറങ്ങി. എന്‍റെ വരവും കാത്തു ഒരു കൊച്ചു ചെറുക്കന്‍ പുറത്തു നില്പുണ്ടായിരുന്നു. കയ്യില്‍ ഒരു ഉടഞ്ഞ പ്ലാസ്റ്റിക്‌ ബോട്ടിലും പിടിച്ച്  നിന്ന് അവന്‍ കിതയ്ക്കുകയായിരുന്നു . കണ്ടാല്‍ ഏകദേശം ഒരു നാല് വയസ്സ് തോന്നിക്കും , മുഷിഞ്ഞ ഷര്‍ട്ടും അവിടവിടെ കീറിയ കാലറ്റം  വരെ എത്താത്ത ഒരു പാന്‍റ്സുമാണ് വേഷം . നാല് വയസ്സ് മാത്രമേ തോന്നിക്കുവെങ്കിലും ഒരു കൂലിപ്പണിക്കാരനെപ്പോലെ  അവന്‍റെ ശരീരം മൊത്തം വിയര്‍ത്തു കുളിച്ചിരുന്നു .


അവനെന്താണ് ചെയ്യുവാന്‍ പോകുന്നതെന്ന ജിജ്ഞാസ എന്നെ ടോയിലെറ്റിന്‍റെ പുറത്തു കാത്തു നില്‍ക്കാന്‍ പ്രേരിപ്പിച്ചു. നമ്മുടെ താരം രണ്ടു മിനിട്ടിനുള്ളില്‍ തിരിച്ചിറങ്ങി , ബോട്ടില്‍ നിറച്ചു വെള്ളമുണ്ടായിരുന്നു. അവന്‍റെ മുഷിഞ്ഞ ഷര്‍ട്ടിന്‍റെ കുറച്ചു ഭാഗം നനഞ്ഞു കുതിര്‍ന്നിരുന്നു . ബാത്രൂമിലെ വെള്ളം കുടിച്ചപ്പോള്‍ നനഞ്ഞതായിരിക്കുമെന്ന് ഞാനൂഹിച്ചു. ഞാന്‍ നോക്കി നില്‍ക്കെ തന്നെ അവന്‍ തിരക്കിനിടയില്‍ മറഞ്ഞു .


തിരിച്ച് 'എന്‍റെ' സീറ്റിനടുത്തെത്തിയ ഞാന്‍ എന്‍റെ തൂവാല കണ്ടില്ല . ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുന്‍പേ അവിടെ കയറിക്കൂടിയ ആള്‍ മെല്ലെ എഴുന്നേറ്റു. ആള്‍ ഞെരിച്ചുടച്ച എന്‍റെ തൂവാല ഉണങ്ങിയ കരിയില കണക്കെ ചുരുങ്ങിയിരുന്നു. ആളെ കാണാന്‍ നല്ല സൈസ് തോന്നിയത് കൊണ്ട് ഒന്നും പറയാതെ ഞാന്‍ വേഗം സീറ്റില്‍ കയറിയിരുന്നു. ഇരിപ്പ് ആയാസകരമാക്കാന്‍ ഒന്നനങ്ങിയപ്പോള്‍ കോട്ടിട്ട പരിഷ്കാരി പിന്നെയും തല പൊക്കി. ഞാന്‍ വായ കഴുകിയത്തിലുള്ള സന്തോഷമായിരിക്കണം , അയാള്‍ എന്നെ നോക്കി ചിരിച്ചു.

കാപ്പി കപ്പു തൊട്ടു നോക്കിയപ്പോള്‍ തണുത്തിരിക്കുന്നു. കുടിക്കാന്‍ തോന്നിയില്ല. പത്തു രൂപ വേസ്റ്റ് ആയതിന്‍റെ നിരാശയായിരുന്നു എനിക്ക്. കാപ്പി വാങ്ങാന്‍ തോന്നിയ നിമിഷത്തെയും വായ കഴുകാന്‍ എടുത്ത തീരുമാനത്തെയും മനസ്സാ ശപിക്കുകയും ചെയ്തു.
നിരാശയ്ക്ക് ഭംഗം വരുത്തണമെന്നു വിചാരിച്ചാണ് മുപ്പതുകാരിയിലേക്ക് പിന്നെയും കണ്ണ് തിരിച്ചത്. അവിടെയിരിക്കുന്ന പല മാന്യന്മാരും ഒളികണ്ണുകള്‍ കൊണ്ട് അവരുടെ  ഇരുനിറ വയറിന്‍റെ സൗന്ദര്യം ഊറ്റിക്കുടിക്കുകയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന എന്‍റെ മനസ്സിനെ ശപിച്ച് ഞാൻ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു. പനകളും മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകളും വെളുത്ത മണ്ണും പ്രഭാത കൃത്യങ്ങളിൽ ഏർപ്പെടുന്ന മനുഷ്യരും എന്‍റെ മനം മടുപ്പിച്ചു . തണുത്തുറഞ്ഞ ചായ എന്ത് ചെയ്യണമെന്നറിയാതെ കപ്പിലേക്ക് കണ്ണും നട്ടിരുന്നപ്പൊഴാണ് ദൂരെ നിന്നെവിടുന്നോ ഒരു പിഞ്ചു കുഞ്ഞിന്‍റെ കരച്ചിൽ കേട്ടത്. അലമുറയിട്ടു കരയുന്ന ആ കുഞ്ഞിന്‍റെ  അമ്മയെ കിട്ടിയിരുന്നെങ്കിൽ ...... എന്‍റെ  പ്രതികാര ദാഹിയായ മനസ്സ് വീണ്ടും പറഞ്ഞു .... എപ്പോഴെത്തെയും പോലെ ... ആരും കേൾക്കാതെ ....

കുഞ്ഞിന്‍റെ കരച്ചിൽ അടുത്തടുത്തു വരുന്നതായി തോന്നി . അടുക്കുന്തോറും അതിന്‍റെ ഗാംഭീര്യം കുറഞ്ഞത് തെല്ലൊരു ആശ്വാസമായി . കരച്ചിലിന്‍റെ ഉടമയെ കാണാൻ ഞാൻ മെല്ലെ തല തിരിച്ചു ... 


ഒരു നാലു മിനിറ്റു കഴിഞ്ഞു കാണും . സാധാരണ ട്രെയിനിൽ കേൾക്കാറുള്ള ടൈൽസ് കഷണങ്ങൾ  തട്ടുന്ന ശബ്ദം കേൾക്കുന്നു. ഒരു പാട്ടും ഇപ്പോ കേൾക്കാം.പതിവ്‌ ശൈലിയിൽ നീട്ടി വലിച്ച രാഗം ... ഒരർത്ഥവുമില്ലാത്ത വരികളൊപ്പിച്ചു നേരിയ ശബ്ദത്തിൽ 'പർദെസി .... പർദെസി .... ' അവ്യക്തമായി കേൾക്കുന്നു.   "അത് ആ ചെറുക്കനായിരിക്കുമോ ?" എന്‍റെ മനസ്സിപ്പോഴും അവനു പിറകേ തന്നെയായിരുന്നു.

 എന്‍റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഒരമ്മയും കുഞ്ഞും കമ്പാര്‍ട്ട്മെന്‍റിന്‍റെ ഇടനാഴിയിൽ വന്നു നിന്നു. ഇടത്തേക്കയ്യിൽ പിടിച്ച അവളുടെ കുഞ്ഞ് അവളുടെ ഒക്കത്തിരുന്നു ഒരു പ്ലാസ്റ്റിക്‌ കപ്പു കൊണ്ട് കളിക്കുകയായിരുന്നു .  അമ്മയെന്ന് വിളിക്കാനുള്ള പ്രായമായിട്ടുണ്ടോ അവൾക്കെന്നു എനിക്കൊരുറപ്പുമില്ല. ആ കൈക്കുഞ്ഞിനെക്കാളും കുട്ടിത്തമുണ്ടായിരുന്നു അവളുടെ  മുഖത്തിന്. വാടിയ മുഖത്ത് പാറി വീണ മുടിച്ചീളുകൾ വലത്തെ കൈമുട്ടുകൊണ്ട് ഒതുക്കി വയ്ക്കാൻ അവൾ പാടു പെടുന്നുണ്ടായിരുന്നു. ഏകദേശം ഒരു പതിനെട്ട്‌ .... അതുമല്ലെങ്കിൽ ഒരിരുപത് ... അതിനപ്പുറം പോകില്ല . അലസമായി അവൾ ചുറ്റിയ സാരിയും അതിൽക്കൂടി അവൾ പ്രദർശിപ്പിച്ച സൗന്ദര്യവും എന്നെ ആകർഷിച്ചില്ലെന്നു പറഞ്ഞാലതൊരു കള്ളമാവും. പക്ഷെ അത് ആസ്വദിക്കാനെന്‍റെ മനസ്സ് സമ്മതിച്ചില്ലെന്നു പറയുന്നതാവും ശരി.

അധികം താമസിയാതെ നമ്മുടെ താരവുമെത്തി. പക്ഷെ , ഇപ്രാവശ്യം അവന്‍റെ കയ്യിലൊരു ഇരുന്പു  വളയവുമുണ്ടായിരുന്നു.  അവന്‍റെ  വലത്തേ കാലിലെ പെരും വിരൽ പൊട്ടി ചോര ഒലിക്കുന്നുണ്ട് . ആ വിരലിൽ ഒരു പ്ളാസ്റിക് കവറിന്‍റെ  കഷണം വലിഞ്ഞു മുറുകിയിരിക്കുന്നു, അതിന്‍റെ  അറ്റത്തുക്കൂടി ചോരത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു. അവനൊരു കൂസലും ഇല്ലാത്തതിൽ എനിക്കു വല്ലാത്ത അദ്ഭുതം തോന്നി. നേരത്തെ വെള്ളവുമായി ഓടിയപ്പോൾ എവിടെയെങ്കിലും തട്ടിയതാവും.... ഞാനൂഹിച്ചു.


എന്‍റെ  ചിന്തകളെ  കീറി മുറിച്ച  ഒരു നീണ്ട 'സർ' വിളി കേട്ടാണ് ഞാൻ തിരിഞ്ഞത് . മുന്നിൽ നാല് വയസ്സുകാരൻ അവന്‍റെ  കൈ ഞാൻ ജനലിനോട്‌ ചേർത്തു വച്ച ചായ കപ്പിൽ ചൂണ്ടി നില്ക്കുന്നു . ആ തണുത്തുറഞ്ഞ കാപ്പിപ്പൊടി  വെള്ളം  അവന്‍റെ  കയ്യിൽ വച്ചു കൊടുത്തപ്പോൾ സന്തോഷത്തിന്‍റെ  ഒരു മിന്നലാട്ടത്തിനായി ഞാൻ  അവന്‍റെ  കണ്ണുകളിൽത്തന്നെ നോക്കി നിന്നു . എനിക്കു പിടി തരാതെ ആ കൊച്ചു ദേഹം കുഞ്ഞിന്‍റെ അമ്മയുടെ കൈയ്യിലതേൽപ്പിച്ചു . ആ കൊച്ചു സുന്ദരി അതവളുടെ കുഞ്ഞിനു നൽകി .  കാപ്പി കളയാൻ തോന്നാത്ത നിമിഷത്തിനു നന്ദിയും പറഞ്ഞ് ഞാനും വെറുതെ പുഞ്ചിരിച്ചു . അടുത്തിരുന്ന കോട്ടിട്ട പരിഷ്കാരികളെ പേടിക്കാതെ തന്നെ .

അവനെ എല്ലാരും ശ്രദ്ദിക്കുവാൻ തുടങ്ങിയിരിക്കുന്നു .  ആ ഇരുന്പ് വലയം വച്ച് അവനെന്താണ് കാണിക്കാൻ പോകുന്നതെന്ന ജിജ്ഞാസ എല്ലാരുടെ മുഖത്തു നിന്നും വായിച്ചെടുക്കാo . സമയം കളയാതെ അവൻ വളയവുമെടുത്ത് അതിനകത്തുകൂടി രണ്ടു മൂന്നു പ്രാവശ്യം അവന്‍റെ ശരീരം കടത്തി വിട്ടു. വളരെ ആയാസകരമായി ചെയ്ത പ്രവൃത്തിയിക്കിടയിലും അവന്‍റെ കാൽ വിരലിൽ നിന്നും ചോര ഒലിക്കുന്നതു കാണാമായിരുന്നു.

വളയത്തിൻ മേലുള്ള അവന്‍റെ പ്രവൃത്തി കഴിഞ്ഞപ്പോൾ 'കുഞ്ഞിന്‍റെ അമ്മ' അവനെ അടുത്തോട്ടു വിളിച്ചു.
" അൻപ് ..... ഇങ്കെ വാടാ...  "
" സെരി  മ്മാ .... "
അൻപ് വിളി കേട്ടു.
നേരത്തെ അവൻ കൊണ്ടു വന്ന തകരപ്പാട്ട അവൾ അൻപിനു  കൊടുത്തു .
അവര് തമ്മിലുള്ള സംഭാഷണം എനിക്ക് പുതിയ കുറെ അറിവുകൾ സമ്മാനിച്ചു . അവരു തമ്മിലുള്ള ബന്ധo എന്നെ ഞെട്ടിച്ചു.  എന്‍റെ കുരുട്ടു ബുദ്ധി  അവൾക്കു എത്ര വയസ്സിലാണ് അവനുണ്ടായതെന്നു കണക്കു കൂട്ടുന്നതിനിടയ്ക്കു  കുറെ നാണയത്തുട്ടുകൾ അവന്‍റെ തകരപ്പാട്ടയിൽ വീഴുന്ന ശബ്ദം കേട്ടു. അവന്‍റെ വളയ-സാഹസത്തിനു ജനങ്ങളുടെ സമ്മാനം.

എന്‍റെ ചിന്തകൾ  മനസ്സിനെ പിന്നെയും കാർന്നു തിന്നുകയായിരുന്നു.  ആരെങ്കിലും ഏതെങ്കിലും ഇരുളിന്‍റെ മറവിൽ അവൾക്കു സമ്മാനിച്ചതാവം രണ്ടു പേരെയും. ചിലപ്പോ വിശന്ന വയറു നിറയ്ക്കാൻ വേണ്ടി , അല്ലെങ്കിൽ ക്രൂരനായ ഒരച്ഛൻ നിർബദ്ധിച്ചതാവം അതുമല്ലെങ്കിൽ ഞാനടക്കമുള്ള ആണുങ്ങൾ അഹങ്കരിക്കുന്ന ശക്തിയെന്ന ആയുധം പ്രയോഗിച്ചു കീഴ്പ്പെടുത്തിയതുമാവാം. അറിയില്ലെനിക്ക്‌ .... അല്ലെങ്കിൽ ഞാനെന്തിനു അതൊക്കെ അറിയണം .... വല്ല ഡൽഹിയിലോ മുംബൈയിലോ ഞാനുൾപ്പെടുന്ന അഭ്യസ്ത വിദ്യരിൽ ആരെങ്കിലും ആക്രമിക്കപ്പെടുമ്പോൾ മാത്രം കാണിക്കാമെന്‍റെ പ്രതിഷേധം . ഫേസ്ബുക്കിൽ നാലഞ്ചു പ്രതിഷേധ  പോസ്റ്റുകൾ ഷെയർ ചെയ്തും ലൈക്‌ ചെയ്തും കാണിക്കാവുന്ന സ്ഥിരം ഷോ. എന്നോട് തന്നെ പുച്ഛം തോന്നുന്നു.


കൂടെയുള്ളവരുടെ പ്രതികരണങ്ങൾ ശ്രദ്ദിക്കാതെ ഞാൻ ഒരു പത്തു രൂപ നോട്ട് അവന്‍റെ തകരപ്പാട്ടയിൽ നിക്ഷേപിച്ചപ്പോൾ നേരത്തെ ഞാൻ തിരഞ്ഞ  തിളക്കം അവന്‍റെ കണ്ണുകളിൽ കണ്ടു. കോട്ടിട്ട പരിഷ്കാരിക്ക് പത്രം മടുത്തെന്നു തോന്നുന്നു. പുള്ളിയിപ്പോൾ എന്‍റെ പ്രവൃത്തികൾ ശ്രദ്ധിക്കുകയാണ്.


'പർദെസിപ്പാട്ടും' ടൈൽസ് മുട്ടുന്ന ശബ്ദവും എന്നിൽ നിന്നകന്നു പൊയ്ക്കൊണ്ടിരുന്നു. അടുത്ത സ്റ്റെഷൻ എത്തിയപ്പോൾ അവ അപ്രത്യക്ഷമായെന്നു തോന്നി. പിന്നെയും പല അൻപ്മാരും എന്നെക്കടന്നു പോയി. വിശക്കുന്ന വയറുമായി. ആവരുടെ കൂടെയൊന്നും പതിന്നാലു വയസ്സിൽ അമ്മയാവേണ്ടി വന്ന ഒരു പെണ്‍കുട്ടിയെയും ഞാൻ കണ്ടില്ല. ഞാൻ കണ്ട അമ്മമാരോന്നും മക്കൾക്ക്‌ വേണ്ടി ടൈൽസ് മുട്ടിയുമില്ല.


ഇല്ല ... ടൈൽസ് പിന്നെയും മുട്ടുന്നുണ്ടായിരുന്നു ... എന്‍റെ മനസ്സിൽ .... പതിന്നാലു വയസ്സിൽ അമ്മയായ ആ പെങ്കുട്ടിയെയോർത്തും കൊണ്ട് .... വെറുതെ .... നാലു പേരോട് എഴുതിയറിക്കുവാനെങ്കിലും ....


പെങ്ങളെ .... എന്നോട് ക്ഷമിക്കൂ ... ഞാനും സ്വാർത്ഥനാണ് ....


5 comments:

 1. വളരെ രസകരമായിത്തുടങ്ങി ഹൃദയസ്പര്‍ശിയായി നിര്‍ത്തിയല്ലോ ഭായ്

  ഇനിയും ഇതുപോലുള്ള സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. ഒരു സാധാരണ ട്രെയിന്‍ യാത്രയെ നിരീക്ഷണ ഗുണം കൊണ്ട് കഥയാക്കിയ പാടവത്തെ അഭിനന്ദിക്കുന്നു

  ReplyDelete
 3. AJITH & RAVIN
  ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം .... ഈ രണ്ട് അഭിപ്രായങ്ങൾ തരുന്ന പ്രചോദനം മതി എനിക്കടുത്ത കഥയെഴുതുവാൻ :)

  ReplyDelete
 4. ഓർമ്മിക്കാൻ ഒരു നല്ല കഥ

  ReplyDelete
 5. വളരെ സന്തോഷം മധുസൂദനൻ ചേട്ടാ .....

  ReplyDelete